സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുസമൂഹത്തിനിടയിൽ ബോധവത്‌കരണം നടത്തുന്നതിനായി റാസൽഖൈമ പൊലീസ് ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റാസൽഖൈമ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുമായി സഹകരിച്ചാണ് റാസൽഖൈമ പോലീസ് ജനറൽ കമാൻഡ് ഈ പ്രചാരണ പരിപാടി നടപ്പിലാക്കുന്നത്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള ബോധവത്‌കരണം ഈ പ്രചാരണ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റാസൽ ഖൈമയിലെ പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള സഹകരണം വളർത്തുന്നതിലൂടെ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിന് അധികൃതർ ലക്ഷ്യമിടുന്നു. മീഡിയ ആൻ്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസും സംയുക്തമായാണ് ഈ പരിപാടി നടപ്പിലാക്കുന്നത്.
സൈബർ തട്ടിപ്പ് നടത്തുന്നവരെയും, സൈബർ തട്ടിപ്പുകളെയും തിരിച്ചറിയുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കുക എന്നത് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. വ്യാജ ഇലക്ട്രോണിക് ലിങ്കുകൾ, ഫിഷിംഗ് സന്ദേശങ്ങൾ, ഫോൺ തട്ടിപ്പുകൾ, വഞ്ചനാപരമായ പരസ്യങ്ങൾ എന്നിവ പോലുള്ള സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ പൊതുജനങ്ങൾക്കിടയിൽ ചൂണ്ടിക്കാട്ടുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
WAM