ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മസാഫി – റാസ് അൽ ഖൈമ റോഡിൽ 2022 ഒക്ടോബർ 17 മുതൽ പുതിയ റഡാർ പ്രവർത്തനക്ഷമമാക്കുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. 2022 ഒക്ടോബർ 16-നാണ് റാസ് അൽ ഖൈമ പോലീസ് ഇക്കാര്യം അറിയിച്ചത്.
കാലാവധി അവസാനിച്ച രജിസ്ട്രേഷനുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിന് ഈ റഡാർ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. മസാഫി – റാസ് അൽ ഖൈമ റോഡിലൂടെ സമയക്രമം തെറ്റിച്ച് കൊണ്ട് സഞ്ചരിക്കുന്നതും, പെർമിറ്റുകളില്ലാതെ സഞ്ചരിക്കുന്നതുമായ ട്രക്കുകളെ കണ്ടെത്തുന്നതിനും ഈ സംവിധാനം പോലീസിനെ സഹായിക്കുന്നു.
റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് ഈ നടപടിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സമയബന്ധിതമായ രീതിയിൽ വാഹനരേഖകൾ പുതുക്കാത്ത വാഹനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ ഈ പുതിയ സംവിധാനം ഫലപ്രദമാണെന്ന് അധികൃതർ അറിയിച്ചു.
വാഹനരേഖകൾ കൃത്യമായി പുതുക്കാനും, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും, പരമാവധിവേഗത സംബന്ധിച്ച നിയമങ്ങൾ പാലിക്കാനും റാസ് അൽ ഖൈമ പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.