റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്ന് റാസ് അൽ ഖൈമ പോലീസ് ചൂണ്ടിക്കാട്ടി. റാസ് അൽ ഖൈമ ട്രാഫിക് ആൻഡ് പെട്രോൾസ് വകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
റോഡിലെ ഇത്തരം അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് ഡ്രൈവർമാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി റാസ് അൽ ഖൈമ പോലീസ് ‘സൂക്ഷിക്കൂ! നിങ്ങളുടെ ജീവൻ വളരെ പ്രധാനപ്പെട്ടതാണ്.’ എന്ന പേരിലുള്ള ഒരു ബോധവത്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. ട്രാഫിക് അവേർനസ് ആൻഡ് ഇൻഫർമേഷൻ ബ്രാഞ്ചുമായി ചേർന്നാണ് ട്രാഫിക് ആൻഡ് പെട്രോൾസ് വകുപ്പ് ഈ പ്രചാരണ പരിപാടി നടപ്പിലാക്കുന്നത്.
എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് പിഴ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം തെറ്റായ ഡ്രൈവിംഗ് രീതികൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും, വലിയ അപകടങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഫോണിൽ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയ അശ്രദ്ധമായ ഡ്രൈവിംഗ് രീതികളാണ് വാഹനങ്ങൾ പെട്ടന്ന് വെട്ടിത്തിരിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം തെറ്റായ ഡ്രൈവിംഗ് രീതികൾക്ക് ചുരുങ്ങിയത് 200 ദിർഹം പിഴ ചുമത്തുന്നതാണ്.