എമിറേറ്റിലെ റോഡുകളിൽ അമിതവേഗത്തിൽ അലക്ഷ്യമായി വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി. എമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ കടുപ്പിച്ച് കൊണ്ട് റാസ് അൽ ഖൈമ എക്സിക്യൂട്ടീവ് കൗൺസിൽ കൈകൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
2024 ഫെബ്രുവരി 26-നാണ് റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ പുതിയ ശിക്ഷാ നടപടികൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
ഈ അറിയിപ്പ് പ്രകാരം എമിറേറ്റിൽ താഴെ പറയുന്ന ട്രാഫിക് നിയമലംഘങ്ങൾക്ക് ലഭിക്കുന്ന ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്:
- റോഡിൽ റേസ് ചെയ്യുന്നത് ഉൾപ്പടെ, അമിതവേഗത്തിൽ അലക്ഷ്യമായി വാഹനം ഡ്രൈവ് ചെയ്യുന്നവർക്ക് 10000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം വാഹനങ്ങൾ 3 മാസത്തേക്ക് പിടിച്ചെടുക്കുന്നതുമാണ്.
- വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മറ്റുള്ളവർക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർക്ക് 10000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം വാഹനങ്ങൾ 3 മാസത്തേക്ക് പിടിച്ചെടുക്കുന്നതുമാണ്.
- ഔദ്യോഗിക അനുമതിയില്ലാതെ പരേഡ്, റാലി തുടങ്ങിയവയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ 15 മുതൽ 120 ദിവസം വരെ പിടിച്ച് വെക്കുന്നതാണ്. ഇവ വിട്ടു കിട്ടുന്നതിന് ആയിരം മുതൽ പതിനായിരം ദിർഹം വരെ പിഴ ഒടുക്കേണ്ടി വരുന്നതാണ്.
- ലൈസൻസ് പ്ലേറ്റ് ഇല്ലാത്തതോ, വ്യാജ ലൈസൻസ് പ്ലേറ്റ് ഘടിപ്പിച്ചതോ ആയ വാഹനം ഉപയോഗിച്ച് റോഡിൽ റേസ് ചെയ്യുന്നത് ഇത്തരം വാഹനങ്ങൾ നാല് മാസത്തേക്ക് പിടിച്ചെടുക്കുന്നതിന് ഇടയാക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ വിട്ടു കിട്ടുന്നതിന് 20000 ദിർഹം പിഴ ഒടുക്കേണ്ടി വരുന്നതാണ്.
- അനുമതിയില്ലാതെ രൂപമാറ്റം ചെയ്യുന്ന വാഹനങ്ങൾ രണ്ട് മാസത്തേക്ക് പിടിച്ചെടുക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ വിട്ടു കിട്ടുന്നതിന് 5000 ദിർഹം പിഴ ഒടുക്കേണ്ടി വരുന്നതാണ്.
- വിനോദസഞ്ചാരകേന്ദ്രങ്ങൾക്കോ, പരിസ്ഥിതിയ്ക്കോ കോട്ടം ഉണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് – ഇത്തരം വാഹനങ്ങൾ ഒരു മാസത്തേക്ക് പിടിച്ചെടുക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ വിട്ടു കിട്ടുന്നതിന് 3000 ദിർഹം പിഴ ഒടുക്കേണ്ടി വരുന്നതാണ്. ഒരു വർഷത്തിനിടയിൽ ഇത്തരം നിയമലംഘനം ആവർത്തിക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തേക്ക് പിടിച്ചെടുക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ വിട്ടു കിട്ടുന്നതിന് 6000 ദിർഹം പിഴ ഒടുക്കേണ്ടി വരുന്നതാണ്.
- അനുവാദമില്ലാത്ത ഇടങ്ങളിൽ ബൈക്ക് ഓടിക്കുന്നവർക്ക് – ഇത്തരം വാഹനങ്ങൾ മൂന്ന് മാസത്തേക്ക് പിടിച്ചെടുക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ വിട്ടു കിട്ടുന്നതിന് 3000 ദിർഹം പിഴ ഒടുക്കേണ്ടി വരുന്നതാണ്. ഒരു വർഷത്തിനിടയിൽ ഇത്തരം നിയമലംഘനം ആവർത്തിക്കുന്ന വാഹനങ്ങൾ നാല് മാസത്തേക്ക് പിടിച്ചെടുക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ വിട്ടു കിട്ടുന്നതിന് 6000 ദിർഹം പിഴ ഒടുക്കേണ്ടി വരുന്നതാണ്.
Cover Image: Ras Al Khaima Police.