എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു. 2021 ഡിസംബർ 9-നാണ് റാസ് അൽ ഖൈമ മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തനരീതി ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതിയിലേക്ക് മാറ്റാനുള്ള യു എ ഇ സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് റാസ് അൽ ഖൈമ ഇത് നടപ്പിലാക്കുന്നത്. യു എ ഇ സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, എമിറേറ്റിലെ പൊതുമേഖലയിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും ശനി, ഞായർ ദിനങ്ങൾ അവധിയായിരിക്കുമെന്നും, വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്നും റാസ് അൽ ഖൈമ മീഡിയ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
റാസ് അൽ ഖൈമയിലെ സർക്കാർ ഓഫീസുകൾ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തിക്കുന്നതാണ്. വെള്ളിയാഴ്ച്ചകളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് പ്രവർത്തനസമയം. എന്നാൽ ഇത്തരം സമയപരിധി പ്രവർത്തികമാകാത്ത മേഖലകളിൽ ആവശ്യമായ മറ്റു പ്രവർത്തനസമയക്രമങ്ങൾ നടപ്പിലാക്കുമെന്നും അധികൃതർ സൂചന നൽകിയിട്ടുണ്ട്.
രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷവും, ശനി, ഞായർ എന്നീ ദിവസങ്ങളും അവധിയായിരിക്കുമെന്ന് യു എ ഇ സർക്കാർ ഡിസംബർ 7-ന് അറിയിച്ചിരുന്നു.
ദുബായ്, അബുദാബി, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും സമാനമായ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഷാർജയിലെ പൊതു മേഖലയിൽ ആഴ്ച്ച തോറും നാല് പ്രവർത്തിദിനങ്ങളും, മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയും നടപ്പിലാക്കുന്നതിനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
Cover Image: WAM.