ഗ്ലോബൽ വില്ലേജിൽ റമദാൻ സ്റ്റെപ് ചാലഞ്ച് ആരംഭിച്ചു

GCC News

ഗ്ലോബൽ വില്ലേജിൽ റമദാൻ സ്റ്റെപ് ചാലഞ്ച് ആരംഭിച്ചു. 2025 മാർച്ച് 11-നാണ് ഗ്ലോബൽ വില്ലേജ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് തൽക്ഷണം സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കുന്ന റമദാൻ സ്റ്റെപ് ചാലഞ്ച് മാർച്ച് 30 വരെ നീണ്ട് നിൽക്കും. റമദാനിൽ ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് പതിനായിരം അല്ലെങ്കിൽ അതിലധികം ചുവടുകൾ നടന്ന് കൊണ്ട് പ്രത്യേക സമ്മാനങ്ങൾ കരസ്ഥമാക്കാവുന്നതാണ്.

റമദാൻ ഇൻ ദുബായ് പ്രചാരണപരിപാടിയുടെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് ഗ്ലോബൽ വില്ലേജ് മൊബൈൽ ആപ്പിൽ നിന്ന് ഈ ചാലഞ്ച് പ്രവർത്തനക്ഷമമാക്കാവുന്നതും റമദാൻ സ്റ്റെപ് ചാലഞ്ചിൽ പങ്കെടുക്കാവുന്നതുമാണ്.

ഗ്ലോബൽ വില്ലേജിലൂടെ സന്ദർശകർ നടക്കുന്ന ചുവടുകൾ ഈ ആപ്പ് ട്രാക്ക് ചെയ്യുന്നതാണ്. റമദാനിൽ ഒറ്റ രാത്രി കൊണ്ട് ഗ്ലോബൽ വില്ലേജിലൂടെ 10000
സ്റ്റെപ് പൂർത്തിയാക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്കുള്ള എൻട്രി ടിക്കറ്റ്, തിരഞ്ഞെടുത്ത ഭക്ഷണശാലകളിലേക്കുള്ള ഫുഡ് വൗച്ചറുകൾ, കാർണിവൽ വണ്ടർ പാസുകൾ തുടങ്ങിയ ഇൻസ്റ്റന്റ് സമ്മാനങ്ങൾ നേടാവുന്നതാണ്.