ഖത്തർ: ഫിഫ അറബ് കപ്പ് കാണികൾക്കായുള്ള റാപിഡ് ആന്റിജൻ പരിശോധനകൾ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്ന് PHCC

GCC News

ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾക്കെത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കാണികൾക്കായുള്ള COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു. 2021 ഡിസംബർ 3-നാണ് PHCC ഇക്കാര്യം അറിയിച്ചത്.

ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിൽ ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിബന്ധനകൾ പ്രകാരം, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇവർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനായി മത്സരത്തിന് 24 മണിക്കൂർ മുൻപ് നേടിയ COVID-19 റാപിഡ് ആന്റിജൻ നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.

ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ നടത്താവുന്നതാണ്:

  • അൽ ഖോർ (Al Khor)
  • അൽ തുമാമ (Al Thumama)
  • അൽ വാജ്‌ബ (Al Wajba)
  • അൽ ലിയബൈബ് (Al Leabaib)
  • അൽ വക്ര (Al Wakrah)

ഈ കേന്ദ്രങ്ങളിൽ നിന്ന് 2021 ഡിസംബർ 3 മുതൽ ഇത്തരം പരിശോധനകൾ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

12 വയസിന് താഴെ പ്രായമുള്ള കാണികൾക്ക് ഈ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ രാവിലെ 7-നും, രാത്രി 10-നും ഇടയിലെത്തി ഈ പരിശോധന പൂർത്തിയാക്കാവുന്നതാണ്. ഇതിനായി മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല. 25 റിയാലാണ് ഈ പരിശോധനകൾക്ക് ഈടാക്കുന്നത്.

ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റ് നവംബർ 30-ന് ആരംഭിച്ചിരുന്നു.

ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി (SSOC) അറിയിപ്പ് നൽകിയിരുന്നു.