ഖത്തർ: ഫിഫ അറബ് കപ്പ് കാണികൾക്കായുള്ള റാപിഡ് ആന്റിജൻ പരിശോധനകൾ സ്വകാര്യ ക്ലിനിക്കുകളിൽ നിന്ന് ലഭ്യമാക്കിയതായി അധികൃതർ

Qatar

ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾക്കെത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കാണികൾക്കായുള്ള COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ എല്ലാ സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും ലഭ്യമാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഡിസംബർ 10-നാണ് അധികൃതർ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

നേരത്തെ ഇത്തരം പരിശോധനകൾ അൽ ഖോർ, അൽ തുമാമ, അൽ വാജ്‌ബ, അൽ ലിയബൈബ്, അൽ വക്ര എന്നിവിടങ്ങളിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു (PHCC) കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മാത്രമാണ് ലഭ്യമാക്കിയിരുന്നത്. എന്നാൽ ഈ അറിയിപ്പിലൂടെ, അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾക്കെത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കാണികൾക്ക് ഇപ്പോൾ ഇത്തരം പരിശോധനകൾ PHCC കേന്ദ്രങ്ങളിൽ നിന്ന് മാത്രമല്ല, പ്രത്യേക ടൂർണമെന്റ് നിരക്കിൽ എല്ലാ സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും നടത്താവുന്നതാണെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിൽ ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിബന്ധനകൾ പ്രകാരം, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇവർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനായി മത്സരത്തിന് 24 മണിക്കൂർ മുൻപ് നേടിയ COVID-19 റാപിഡ് ആന്റിജൻ നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.