അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2023 മാർച്ച് 21-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ലൂണാർ ലാൻഡർ 2023 മാർച്ച് 21-ന് രാവിലെ 5:24-നാണ് (യു എ ഇ സമയം) ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ പ്രവർത്തനനടപടികൾ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ലൂണാർ ലാൻഡറിന്റെ പ്രധാന പ്രൊപ്പൽഷൻ സംവിധാനം ഏതാനം മിനിറ്റ് സമയത്തേക്ക് പ്രവർത്തിപ്പിച്ചിരുന്നു.

ഇതോടെ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുക എന്ന ദൗത്യത്തിന്റെ തൊട്ടരികിലാണ് ഇപ്പോൾ റാഷിദ് റോവർ. ഏതാനം പരിശോധനകൾക്ക് ശേഷമായിരിക്കും ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുക. ഇതിന്റെ സമയക്രമം 2023 ഏപ്രിൽ അവസാനം പ്രഖ്യാപിക്കുമെന്ന് MBRSC അറിയിച്ചു.
റാഷിദ് റോവർ 2023 ഏപ്രിൽ 25-ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് MBRSC ഡയറക്ടർ ജനറൽ സലേം അൽ മാരി സ്പേസ്ഓപ്സ് 2023-ൽ വെച്ച് വ്യക്തമാക്കിയിരുന്നു.