ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 ജൂൺ 22-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം നോർത്ത് റൺവെ ജൂൺ 22 മുതൽ വ്യോമഗതാഗതത്തിനായി തുറന്ന് കൊടുത്തതായും, ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ രണ്ട് റൺവേകളും ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക് തിരികെ മടങ്ങിയതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും, ദുബായ് എയർപോർട്ട്സ് ചെയർമാനുമായ H.H. ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം 2022 ജൂൺ 15-ന് അവലോകനം ചെയ്തിരുന്നു. റൺവേ പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള വികസനപ്രവർത്തനങ്ങൾക്കായി 2022 മെയ് 9 മുതലാണ് നോർത്ത് റൺവേ അടച്ചത്.
45 ദിവസം നീണ്ട് നിന്ന ഈ വികസനപ്രവർത്തനങ്ങളിൽ എൻജിനീയർമാർ, വിദഗ്‌ദ്ധർ, തൊഴിലാളികൾ എന്നിവരുൾപ്പെടെ 4200 പേരാണ് പങ്കെടുത്തത്. ഈ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നോർത്ത് റൺവെയുടെ സെൻട്രൽ സ്ട്രിപ്പിന്റെ 4500 മീറ്റർ നീളമുള്ള മുഴുവൻ ഭാഗവും പുനർനിർമ്മിച്ചിട്ടുണ്ട്.