ദുബായ് വിമാനത്താവളത്തിന്റെ നോർത്തേൺ റൺവേ വികസനപ്രവർത്തനങ്ങൾക്കായി അടച്ചു; സർവീസുകൾ പുനഃക്രമീകരിക്കുന്നു

featured GCC News

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്തേൺ റൺവേ വികസനപ്രവർത്തനങ്ങൾ 2022 മെയ് 9 മുതൽ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. റൺവേ പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ഈ നടപടി.

2022 മെയ് 9-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. പുനഃസ്ഥാപന നടപടികളുമായി ബന്ധപ്പെട്ട് 2022 മെയ് 9 മുതൽ ജൂൺ 22 വരെയാണ് ദുബായ് വിമാനത്താവളത്തിന്റെ നോർത്തേൺ റൺവേ അടച്ചിടുന്നത്.

ഇതോടെ ആഗോളതലത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടായ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഒരു റൺവേ മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക് ചുരുങ്ങുന്നതാണ്. യാത്രാ തടസങ്ങൾ പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി 45 ദിവസം നീണ്ട് നിൽക്കുന്ന ഈ കാലയളവിൽ ആഴ്ച്ച തോറും ഏതാണ്ട് ആയിരത്തിലധികം വിമാനസർവീസുകൾ ദുബായ് വേൾഡ് സെൻട്രലിൽ (DWC) നിന്ന് യാത്രകൾ നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.

പ്രധാനമായും ഫ്ലൈ ദുബായ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, എൽ അൽ മുതലായ കമ്പനികളുടെ വിമാനസർവീസുകളാണ് DWC-യിൽ നിന്ന് സേവനങ്ങൾ നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നത്. ഈ കാലയളവിൽ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർക്ക് പരമാവധി സുഗമമായ യാത്രകൾ ഉറപ്പ് വരുത്തുന്നതിനായി അധികൃതർ ഏതാനം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:

  • യാത്ര പുറപ്പെടുന്നതിന് മുൻപായി എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ട് ഡിപ്പാർച്ചർ എയർപോർട്ട്, ടെർമിനൽ എന്നിവ ഏതാണെന്ന് ഉറപ്പ് വരുത്തുക. https://www.dubaiairports.ae/ എന്ന വിലാസത്തിൽ നിന്നും ഇക്കാര്യം അറിയാവുന്നതാണ്.
  • ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB), ദുബായ് വേൾഡ് സെൻട്രൽ (DWC) എന്നീ എയർപോർട്ടുകളുടെ ടെർമിനലുകൾക്കിടയിലെ യാത്രകൾക്കായി പ്രത്യേക ബസ് സർവീസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
  • ഇത്തരം യാത്രകൾക്ക് യൂബർ ഉപയോഗിക്കുന്നവർക്ക് യൂബർ ആപ്പിൽ DWC2022 എന്ന കോഡ് ഉപയോഗിച്ച് കൊണ്ട് യാത്രാ നിരക്കിൽ പ്രത്യേക ഇളവുകൾ നേടാവുന്നതാണ്.
  • ദുബായ് വേൾഡ് സെൻട്രലിൽ (DWC) നിന്ന് യാത്ര പുറപ്പെടുന്നവർക്ക് എയർപോർട്ട് പാർക്കിംഗ് ഉപയോഗപ്പെടുത്താവുന്നതാണ്.