ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ തടയുന്നത് ലക്ഷ്യമിടുന്ന ദുബായ് ക്യാൻ പദ്ധതിയ്ക്ക് തുടക്കമായി

featured GCC News

നഗരമൊട്ടാകെ സുസ്ഥിരതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ശീലിപ്പിക്കുന്നതിനുമായി ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ‘ദുബായ് ക്യാൻ’ എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടു. എമിറേറ്റിലെ നിവാസികൾകളുടെയും, സന്ദർശകരുടെയും ഇടയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനും, വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന കുപ്പികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2022 ഫെബ്രുവരി 15-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

Source: Dubai Media Office.

ഈ പദ്ധതിയുടെ ഭാഗമായി ദുബായ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള 30 വാട്ടർ സ്റ്റേഷനുകളിൽ നിന്നായി പൊതുജനങ്ങൾക്ക് വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ കുടിവെള്ളം ലഭ്യമാക്കുന്നതാണ്. ‘ദുബായ് ക്യാൻ’ പദ്ധതിയിലൂടെ ജനങ്ങൾക്കിടയിൽ ‘വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന സംസ്കാരം’ പ്രചരിപ്പിക്കുന്നതിനും, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും, അതിലൂടെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കുമിഞ്ഞ് കൂടൽ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു.

Source: Dubai Media Office.

“സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള ഭാവി നിർമ്മിച്ചെടുക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ ഈ പദ്ധതി സഹായകമാണ്. ഇതോടൊപ്പം സമുദ്രങ്ങൾ മലിനമാകുന്നത് ഒരുപരിധിവരെ നിയന്ത്രിക്കാനും, വന്യജീവികളെ സംരക്ഷിക്കുന്നതിനും അധികൃതർ ലക്ഷ്യം വെക്കുന്നു.”, ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ H.E. ഹിലാൽ സയീദ് അൽ മാരി വ്യക്തമാക്കി.

“രാജ്യത്തെ ഓരോ വ്യക്തികളും വാർഷികാടിസ്ഥാനത്തിൽ ഏതാണ്ട് 450-ഓളം പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾ ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം, യു എ ഇയിൽ ഒരു വർഷം ഏതാണ്ട് 4 ബില്യൺ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഓരോ പ്ലാസ്റ്റിക് കുപ്പിയും സ്വാഭാവികമായി ശിഥിലമാകുന്നതിന് ചുരുങ്ങിയത് 400 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇത് പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്ക് ഭീഷണിയാണ്. ആഗോളതലത്തിൽ വർഷം തോറും ഏതാണ്ട് 1.1 ദശലക്ഷം കടൽജീവികളുടെ മരണത്തിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണമാകുന്നു. ഇതിനാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കേണ്ടതും, പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് കുറയ്‌ക്കേണ്ടതും വളരെ പ്രധാനമാണ്.”, ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഇൻവെസ്റ്മെന്റ്സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ യൂസഫ് ലൂതാ ചൂണ്ടിക്കാട്ടി.

ഈ പദ്ധതിയുടെ കീഴിൽ എമിറേറ്റിലെ ബീച്ചുകൾ, പാർക്കുകൾ, മാളുകൾ തുടങ്ങിയ പ്രധാന പൊതുഇടങ്ങളിൽ വാട്ടർ സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. വീട്, ഓഫീസ്, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിൽ വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കുന്നതിനും, വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന കുടിവെള്ളക്കുപ്പികളുടെ ഉപയോഗം ഒരു ശീലമാക്കുന്നതിനും, അതിലൂടെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനും എമിറേറ്റിലുടനീളമുള്ള ജനങ്ങളോട് ‘ദുബായ് ക്യാൻ’ പദ്ധതി ആഹ്വാനം ചെയ്യുന്നു.