അറബിക് കോഫിയുടെ വാണിജ്യ നാമം ‘സൗദി കോഫീ’ എന്ന് മാറ്റാനുള്ള ഔദ്യോഗിക തീരുമാനം നടപ്പിലാക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് സൗദി അധികൃതർ നിർദ്ദേശം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അറബിക് കോഫിയുടെ വാണിജ്യ നാമം ‘സൗദി കോഫീ’ എന്ന് മാറ്റുന്നതിൽ വരുത്തുന്ന വീഴ്‌ചകൾ നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദി മിനിസ്ട്രി ഓഫ് കൊമേഴ്‌സാണ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്.
ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ മുഴുവൻ റെസ്ടാറന്റുകളും, കഫേകളും, കാപ്പി വിപണനം ചെയ്യുന്നവരും ഈ നിർദ്ദേശം പാലിക്കേണ്ടതാണ്. സാംസ്‌കാരിക പൈതൃകം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ, വ്യാപാരശാലകൾ തുടങ്ങിയ ഇടങ്ങളിൽ അറബിക് കാപ്പിയുടെ വാണിജ്യനാമം ‘സൗദി കോഫീ’ എന്ന രീതിയിലേക്ക് മാറ്റാൻ ഔദ്യോഗികമായി തീരുമാനിച്ചതായി സൗദി വാണിജ്യ മന്ത്രാലയം 2022 ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.