ഖത്തറിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർക്ക് പെർമിറ്റിനായി അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് ഔകാഫ് മന്ത്രാലയം അറിയിപ്പ് നൽകി. ഔകാഫ് മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ്, ഉംറ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ പ്രവാസികളായിട്ടുള്ളവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഹജ്ജ് പെർമിറ്റുകൾക്ക് അപേക്ഷിക്കാൻ അനുമതി നൽകിയിരിക്കുന്നത്:
- ഇവർ COVID-19 വാക്സിനേഷൻ, രണ്ട് ഡോസ് പൂർത്തിയാക്കിയിരിക്കണം.
- ഇവർ വാക്സിനേഷൻ സംബന്ധമായ രേഖകൾ, ഇരു ഡോസുകളും സ്വീകരിച്ച തീയതി എന്നിവ അപേക്ഷകളോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- ഖത്തറിൽ പത്ത് വർഷത്തിന് മുകളിൽ പ്രവാസികളായി തുടർന്നിട്ടുള്ളവരും, ചുരുങ്ങിയത് 40 വയസെങ്കിലും പ്രായമുള്ളവരുമായവർക്കാണ് ഇത്തരം പെർമിറ്റിന് അപേക്ഷിക്കാൻ അനുമതി.
- ഇത്തരം അപേക്ഷകൾക്കൊപ്പം പ്രവാസി തങ്ങളുടെ ഐഡി കാർഡ് നമ്പർ, ഐഡി കാലാവധി അവസാനിക്കുന്ന തീയതി, ഫോൺ നമ്പർ എന്നിവ നൽകേണ്ടതാണ്. https://www.hajj.gov.qa/HajRegistration/Arabic/Home.aspx എന്ന വിലാസത്തിലാണ് ഇവ നൽകേണ്ടത്.
- തുടർന്ന് അപേക്ഷകന്റെ ഈ ഫോൺ നമ്പറിലേക്ക് ഒരു ലിങ്ക് ലഭിക്കുന്നതാണ്. ഇത് ഉപയോഗപ്പെടുത്തിക്കൊണ്ട് അപേക്ഷകന് പെർമിറ്റ് അപേക്ഷയുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർത്തിയാക്കാവുന്നതാണ്. ഈ ഘട്ടത്തിൽ അപേക്ഷകന്റെ പാസ്സ്‌പോർട്ട് വിവരങ്ങൾ, ഇമെയിൽ വിലാസം, മറ്റു വിവരങ്ങൾ എന്നിവ നൽകേണ്ടതാണ്.
- തുടർന്ന്, സഹയാത്രികർ ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ നൽകാവുന്നതാണ്.
- അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ അപേക്ഷകന് ഒരു നമ്പർ ലഭിക്കുന്നതും, ഈ നമ്പർ ഉപയോഗിച്ച് കൊണ്ട് ഓൺലൈനിലൂടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.
- 2023 ഫെബ്രുവരി 12, ഞായറാഴ്ച രാവിലെ 8 മണിമുതൽ ഇത്തരം അപേക്ഷകൾ ഓൺലൈനിലൂടെ സ്വീകരിച്ച് തുടങ്ങുന്നതാണ്. 2023 മാർച്ച് 12 വരെ ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
- ഇതിന് ശേഷം പത്ത് ദിവസത്തിനകം തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.