ആറു മാസത്തിലധികമായി ഒമാനിന് പുറത്ത് തുടരേണ്ടിവന്നിട്ടുള്ള, നിലവിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് റോയൽ ഒമാൻ പോലീസിൽ (ROP) നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിച്ചാൽ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാമെന്ന് ഒമാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ROP വക്താക്കളെ ഉദ്ധരിച്ച് കൊണ്ടാണ് ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊറോണ വൈറസ് പശ്ചാത്തലത്തിലെ യാത്രാ വിലക്കുകൾ മൂലം ആറു മാസത്തിലധികമായി ഒമാനിന് പുറത്ത് തുടരേണ്ടിവന്നിട്ടുള്ളവർക്ക്, വിസ കാലാവധി അവസാനിച്ചിട്ടില്ലെങ്കിൽ, തിരികെ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഇത്തരം NOC ലഭിക്കുന്നതിനായി അവരുടെ തൊഴിലുടമകൾ വഴി പോലീസിൽ അപേക്ഷിക്കാവുന്നതാണ്. സാധാരണ നിലയിൽ ഒമാനിലെ റെസിഡൻസി വിസകളിലുള്ളവർ തുടർച്ചയായി 6 മാസം രാജ്യത്തിന് പുറത്ത് താമസിക്കുകയാണെങ്കിൽ റെസിഡൻസി റദ്ദാകുകയാണ് പതിവ്. എന്നാൽ കൊറോണ വൈറസ് സാഹചര്യത്തിൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇതിനായി തൊഴിലുടമകൾ താഴെ പറയുന്ന രേഖകൾ ഉൾപ്പടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പാസ്സ്പോർട്സ് ആൻഡ് റെസിഡെൻസിലെ, ഡയറക്ടർ ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സിലേക്കാണ് അപേക്ഷ നൽകേണ്ടത്.
- സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവരുടെ, തൊഴിൽ സ്ഥാപനത്തിൽ നിന്ന് ഇവർക്ക് ഒമാനിലേക്ക് മടങ്ങുന്നതിനായി അനുവാദം നൽകാൻ അപേക്ഷിച്ചുകൊണ്ടുള്ള കത്ത്.
- മടങ്ങിയെത്തേണ്ട ആളുടെ പാസ്സ്‌പോർട്ട്, ഐഡി കാർഡ് എന്നിവയുടെ പകർപ്പ്.
- സ്ഥാപനത്തിന്റെ വാണിജ്യ രെജിസ്ട്രേഷൻ രേഖകളുടെ പകർപ്പ്.
- സ്ഥാപനത്തിലെ അധികൃതരുടെ സാക്ഷ്യം.
- മടങ്ങിയെത്തേണ്ട ജീവനക്കാർക്കായി എടുത്തിട്ടുള്ള 14 ദിവസത്തെ കാലാവധിയുള്ള വിമാന ടിക്കറ്റിന്റെ പകർപ്പ്.