സൗദി അറേബ്യ: റിയാദ് എയർ പരീക്ഷണ പറക്കൽ ആരംഭിച്ചു

featured GCC News

റിയാദ് എയറിന്റെ പരീക്ഷണ പറക്കൽ 2024 സെപ്റ്റംബർ 12-ന് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫ്ലൈറ്റുകൾ റിയാദ് മുതൽ ജിദ്ദ വരെയാണ്.

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യവസ്ഥകൾ പാലിച്ച് കൊണ്ടുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (AOC) പ്രക്രിയയുടെ ഭാഗമായാണ് ഈ പരീക്ഷണ പറക്കൽ.

ഇതിനായി സൗദിയ എയർലൈൻസിൽ നിന്ന് ലീസ് ചെയ്തിട്ടുള്ള ഒരു B787-9 വിമാനമാണ് ഉപയോഗിക്കുന്നത്. ഈ വിമാനം ഉപയോഗിച്ച് കൊണ്ട് റിയാദ് എയർ വിവിധ പ്രാദേശിക, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് പരീക്ഷണ ഫ്ലൈറ്റുകൾ നടത്തുന്നതാണ്.

2025-ൽ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമയാന സേവനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രക്രിയയുടെ ഭാഗമാണിത്.

റിയാദ് എയർ എന്ന പേരിൽ ഒരു പുതിയ വിമാനക്കമ്പനി ആരംഭിച്ചതായി സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ അറിയിച്ചിരുന്നു. റിയാദ് എയറിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്.