സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഉദ്‌ഘാടനം ചെയ്തു

featured Saudi Arabia

2021 റിയാദ് അന്താരാഷ്ട്ര പുസ്തകമേള സൗദി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിൻസ് ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ സെപ്റ്റംബർ 30-ന് ഉദ്‌ഘാടനം ചെയ്തു. മേള ഉദ്‌ഘാടനം ചെയ്തു കൊണ്ട് ലോകമെമ്പാടുമുള്ള എഴുത്തുകാരെയും, പ്രസാദകരെയും, സാംസ്‌കാരിക നായകരെയും അദ്ദേഹം പുസ്തകമേളയിലേക്ക് സ്വാഗതം ചെയ്തു.

ഈ വർഷത്തെ മേളയിലെ പ്രത്യേക അതിഥികളായി ഇറാഖിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ ഇറാഖ് സാംസ്‌കാരിക വകുപ്പ് മന്ത്രി ഹസ്സൻ നാസിം, ഈജിപ്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി ഇൻസ് അബ്ദെൽ ദിയെം മുതലായവർ പങ്കെടുത്തു.

2021 ഒക്ടോബർ 1 മുതൽ പൊതുജനങ്ങൾക്ക് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഒക്ടോബർ 1-ന് ആരംഭിക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഒക്ടോബർ 10 വരെ നീണ്ട് നിൽക്കുന്നതാണ്. ദിനവും രാവിലെ 10 മുതൽ രാത്രി 11 മണിവരെയാണ് പ്രവേശനം.

28 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പുസ്തക പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. റിയാദ് ഫ്രണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്.

Source: Saudi Press Agency.

ആഗോള തലത്തിൽ തന്നെ പ്രസാധകർക്കിടയിൽ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായി പ്രസാധകരുടെ ഒരു അന്താരാഷ്ട്ര കോൺഫെറൻസ് ഈ വർഷത്തെ റിയാദ് പുസ്തകമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു കോൺഫെറൻസ് മേളയിൽ ആദ്യമായാണ് ഉൾപ്പെടുത്തുന്നത്. ഒക്ടോബർ 4, 5 തീയതികളിലാണ് ഈ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഇതിനുപുറമെ, സാംസ്‌കാരികവും, സാഹിത്യപരമായതുമായ ചര്‍ച്ചായോഗങ്ങൾ, കവിതാ പാരായണം, സംവാദങ്ങൾ, കലാ പരിപാടികൾ, കല, വായന, എഴുത്ത്, പുസ്തക പ്രസാധനം തുടങ്ങിയ മേഖലകളിലെ വർക്ക്ഷോപ്പുകൾ തുടങ്ങിയ നിരവധി പരിപാടികൾ ഈ മേളയുടെ ഭാഗമാണ്.

2021 റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സൗദി ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസ്‌ലേഷൻ കമ്മീഷൻ നേരത്തെ അറിയിച്ചിട്ടുണ്ട്.

Cover Image: Saudi Press Agency.