അതിഗംഭീരമായ കലാപരിപാടികളോടെ, റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പിന് 2022 ഒക്ടോബർ 21, വെള്ളിയാഴ്ച തുടക്കമായി. സൗദി ജനറൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് റിയാദ് സീസൺ 2022 ഉദ്ഘാടനം ചെയ്തത്.
ആയിരക്കണക്കിന് സന്ദർശകരാണ് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തത്.

റിയാദ് സീസണിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി, വിനോദപരിപാടികളും, സർക്കസ് പ്രദർശനങ്ങളും നടത്തുന്ന കനേഡിയൻ കമ്പനിയായ ‘Cirque du Soleil’ അവതരിപ്പിച്ച പ്രത്യേക കലാപ്രദർശനംഏറെ ശ്രദ്ധേയമായി.

ഇതിനെ തുടർന്ന് സംഗീത പരിപാടികൾ, കരിമരുന്ന് പ്രയോഗം, കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ ഷോ എന്നിവയും അരങ്ങേറി.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് നടത്തിയ വെടിക്കെട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.

ഏറ്റവും കൂടുതൽ ഡ്രോണുകൾ ഉപയോഗിച്ച് ഒരേസമയം നടത്തിയ കരിമരുന്ന് പ്രയോഗം എന്ന നേട്ടമാണ് റിയാദ് സീസൺ കൈവരിച്ചത്.

2022-ലെ റിയാദ് സീസണിൽ കൂടുതൽ വിനോദപരിപാടികൾ, വേദികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2022 പതിപ്പിൽ 15 വ്യത്യസ്ത വിനോദ മേഖലകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വിനോദമേഖലയും സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമൊരുക്കുന്നു.
ബുലവാർഡ് വേൾഡ്, ബുലവാർഡ് റിയാദ് സിറ്റി, വിന്റർ വണ്ടർലാൻഡ്, അൽ മുറാബാ, സ്കൈ റിയാദ്, വയ റിയാദ്, റിയാദ് സൂ, ലിറ്റിൽ റിയാദ്, ദി ഗ്രോവ്സ്, ഇമാജിനേഷൻ പാർക്ക്, അൽ സുവൈദി പാർക്ക്, സൂഖ് അൽ സിൽ, ഖാരിയത് സമാൻ, ഫാൻ ഫെസ്റ്റിവൽ, റിയാദ് ഫ്രണ്ട് എന്നിവയാണ് റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള 15 വ്യത്യസ്ത വിനോദ മേഖലകൾ.
‘ഭാവനകൾക്ക് അതീതം’ എന്ന ആശയത്തിലൂന്നിയാണ് റിയാദ് സീസൺ 2022 ഒരുക്കുന്നത്. റിയാദ് സീസൺ 2022-ന്റെ ഔദ്യോഗിക ലോഗോ 2022 സെപ്റ്റംബർ 7-ന് പ്രകാശനം ചെയ്തിരുന്നു.