റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പിന് 2024 ഒക്ടോബർ 12, ശനിയാഴ്ച തുടക്കമായി.
സൗദി ജനറൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ഷെയ്ഖിന്റെ നേതൃത്വത്തിലാണ് റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി അതിഗംഭീരമായ കലാപരിപാടികൾ അരങ്ങേറി.
റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ബോക്സിങ് മത്സരത്തിൽ റഷ്യൻ ബോക്‌സർ ആർതുർ ബെറ്റർബിഎവ് ലോക ലൈറ്റ് ഹെവിവെയ്റ്റ് ചാമ്പ്യനായി കിരീടം നേടി.
റഷ്യൻ ബോക്‌സർ ദിമിത്രി ബിവോലിനെ തോൽപ്പിച്ചാണ് ബെറ്റർബിഎവ് WBA ബെൽറ്റ് നേടിയത്. മിഡിൽ വെയ്റ്റ് വിഭാഗത്തിൽ സെർബിയയുടെ മാർകോ മാരിച്ച്, സൗദി ബോക്‌സർ മുഹമ്മദ് അൽ അഖേൽ എന്നിവരും വിജയിച്ചു. വനിതകളുടെ ഫെതർവെയ്റ്റ് വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ സ്കൈ നിക്കോൾസൺ വിജയിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി കലാപ്രകടനങ്ങൾ, അതിഗംഭീരമായ വെടിക്കെട്ട്, കണ്ണഞ്ചിക്കുന്ന ഡ്രോൺ ഷോ തുടങ്ങിയവ അരങ്ങേറി. ഉദ്ഘാടനദിവസം എത്തിയ സന്ദർശകരിൽ ഒരു ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ഒരു മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് സമ്മാനമായി നൽകി.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്. ഇതിൽ മൂന്ന് വിനോദ മേഖലകൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 13-ന് തുറന്ന് കൊടുത്തിട്ടുണ്ട്.
ബുലവാർഡ് വേൾഡ് സോൺ, ബുലവാർഡ് സിറ്റി, അൽ സുവൈദി പാർക്ക് എന്നീ സോണുകളാണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഇതിൽ ബുലവാർഡ് വേൾഡ് സോണിലേക്ക് ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 1 മണിവരെ സന്ദർശകർക്ക് പ്രവേശിക്കാവുന്നതാണ്.
11 ലോക ചാമ്പ്യൻഷിപ്പുകൾ, 10 എക്സിബിഷനുകൾ എന്നിവയും റിയാദ് സീസണിന്റെ ഭാഗമായി അരങ്ങേറും. 7.2 ദശലക്ഷം സ്‌ക്വയർ മീറ്ററിലാണ് ഇത്തവണത്തെ മേള ഒരുക്കുന്നത്.
സൗദി എയർലൈൻസുമായി ചേർന്ന് കൊണ്ട് ഒരുക്കുന്ന ‘ബുലവാർഡ് റൺവേ’ എന്ന പുതിയ വിനോദ മേഖല ഇത്തവണത്തെ ഒരു പ്രത്യേകതയാണ്. ഡീക്കമ്മീഷൻ ചെയ്ത ഒരു വിമാനം ഉപയോഗിച്ചാണ് ഈ സോൺ ഒരുക്കുന്നത്.
Cover Image: Saudi Press Agency.