സൗദി അറേബ്യ: എട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ ഒക്ടോബർ 27-ന് ആരംഭിക്കും

featured GCC News

എട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ 2025 ഒക്ടോബർ 27-ന് റിയാദിൽ ആരംഭിക്കും. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ പ്രദർശനത്തിന് വിഷൻ 2030-ന്റെ ഭാഗമായുള്ള ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന്റെ പിന്തുണയുണ്ട്. ‘ഇൻവെസ്റ്റ് ഇൻ ഹെൽത്ത്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്. 2025 ഒക്ടോബർ 27-ന് ആരംഭിക്കുന്ന എട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ ഒക്ടോബർ 30 വരെ നീണ്ട് നിൽക്കും.

ഇത്തവണത്തെ ഗ്ലോബൽ ഹെൽത്ത് എക്സിബിഷനിൽ രണ്ടായിരത്തിലധികം പ്രദർശകരും, അഞ്ഞൂറില്പരം പ്രഭാഷകരും പങ്കെടുക്കുന്നതാണ്. ഈ പ്രദർശനത്തിന്റെ ഭാഗമായി ഇരുപതോളം ഇന്റർനാഷണൽ പവലിയനുകൾ ഒരുക്കുന്നതാണ്.