അൽ സൈലിയ റോഡിലെ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2024 ജൂൺ 30-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അൽ സൈലിയ റൌണ്ട്എബൗട്ട് മുതൽ അൽ സൈലിയ സ്പോർട്സ് ക്ലബ് റൌണ്ട്എബൗട്ട് വരെയുള്ള മേഖലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വന്നിരുന്നത്. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ റോഡ് ഇരുവശത്തേക്കും മൂന്ന് വരികളോടെ (നേരത്തെ രണ്ട് വരിയായിരുന്നു) നവീകരിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഏതാനം ലിങ്ക് റോഡുകളുടെ നിർമ്മാണവും ഇതോടൊപ്പം പൂർത്തിയാക്കിയിട്ടുണ്ട്. ട്രാഫിക് കൂടുതൽ സുഗമമാക്കുന്നതിന് ഈ നവീകരണ പ്രവർത്തനങ്ങൾ സഹായകമാകുന്നതാണ്.
ഇതിന്റെ ഭാഗമായി കാൽനട യാത്രികർക്കും, സൈക്കിൾ യാത്രികർക്കുമുള്ള പാതകൾ, പുതിയ പാർക്കിംഗ് ഇടങ്ങൾ, പുതിയ ലൈറ്റിംഗ്, നിരീക്ഷണ കാമറകൾ എന്നിവയും മേഖലയിൽ ഒരുക്കിയിട്ടുണ്ട്.
Cover Image: Qatar Public Works Authority.