യു എ ഇ ടൂർ 2021-ന്റെ ഭാഗമായി ഫെബ്രുവരി 26-ന് ദുബായിലെ ഏതാനം റോഡുകളിൽ താത്‌കാലിക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

UAE

ഫെബ്രുവരി 26, വെള്ളിയാഴ്ച്ച ഉച്ച മുതൽ വൈകീട്ട് 4.30 വരെ എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. റോഡ് സൈക്ലിംഗ് ടൂർണമെന്റായ യു എ ഇ ടൂർ 2021-ന്റെ ആറാം പാദം ഫെബ്രുവരി 26-ന് ദുബായിൽ വെച്ച് നടക്കുന്ന പശ്ചാത്തലത്തിൽ, സൈക്ലിംഗ് നടക്കുന്ന റോഡുകളിൽ താത്കാലിക ട്രാഫിക് നിയന്ത്രണങ്ങൾ അനുഭവപ്പെടാവുന്നതാണ്.

ഫെബ്രുവരി 24-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ദുബായിൽ വെച്ച് നടക്കുന്ന യു എ ഇ ടൂർ 2021-ന്റെ ആറാം പാദം 165 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. റാലിയിൽ പങ്കെടുക്കുന്ന സൈക്കിളോട്ടക്കാർ ഓരോ മേഖലയിലൂടെയും കടന്ന് പോകുന്നതിനനുസരിച്ച് റോഡുകൾ തുറന്ന് കൊടുക്കുന്നതാണ്.

യു എ ഇ ടൂർ 2021-ന്റെ ആറാം പാദം ദെയ്‌റ ഐലൻഡിൽ നിന്ന് ഉച്ചയ്ക്ക് 12.35-ന് ആരംഭിക്കുന്നതാണ്. വൈകീട്ട് 4.30-ന് പാം ജുമേയ്‌റയിൽ മത്സരം അവസാനിക്കുന്നതാണ്. ദുബായിലെ പ്രധാനപ്പെട്ട സാംസ്‌കാരിക, ചരിത്ര മേഖലകളിലൂടെയാണ് റാലിയിൽ പങ്കെടുക്കുന്ന സൈക്കിളോട്ടക്കാർ കടന്ന് പോകുന്നത്. താഴെ പറയുന്ന സമയക്രമത്തിലാണ് ഫെബ്രുവരി 26-ന് ദുബായിലെ റോഡുകളിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

  • ഉച്ചയ്ക്ക് 12 മണിമുതൽ നിയന്ത്രണങ്ങൾ ആരംഭിക്കുന്നതാണ്.
  • ദെയ്‌റയിലെ അൽ ഖലീജ് സ്ട്രീറ്റ് ഉച്ചയ്ക്ക് 12:30 മുതൽ 12:55 വരെ ഭാഗികമായി അടയ്ക്കുന്നതാണ്.
  • ബനിയാസ് സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് റിബാത്ത് സ്ട്രീറ്റിലൂടെ റാസ് അൽ ഖോർ റോഡിലേക്ക് പോകുന്ന റോഡ് 12:50 മുതൽ 1:15 വരെ ഭാഗികമായി അടയ്ക്കുന്നതാണ്.
  • ദുബായ്-അൽ ഐൻ റോഡ്, മെയ്ദാൻ മുതൽ അൽ ഹദിഖ സ്ട്രീറ്റ് വരെയുള്ള മേഖലയിൽ 1:10 തൊട്ട് 1:25 വരെ റോഡ് ഭാഗികമായി അടച്ചിടുന്നതാണ്.
  • 1:20-നും 1:40-നും ഇടയിൽ അൽ വാസൽ സ്ട്രീറ്റ്, അൽ തന്യ സ്ട്രീറ്റ്, ജുമേയ്‌റ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കും.
  • ജബൽ അലി ഭാഗത്തേക്ക് നയിക്കുന്ന കിംഗ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് സ്ട്രീറ്റ് 1:35-നും, 2:05-നും ഇടയിൽ ഭാഗികമായി അടച്ചിടുന്നതാണ്.
  • അൽ അസ്യാൽ സ്ട്രീറ്റ്, ഖിർന് അൽ സബ്കാ റോഡ്, അൽ ഖൈൽ 1 ഹെസ സ്ട്രീറ്റ്, ഷെയ്ഖ് സയ്ദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽ 2-നും 2:40-നും ഇടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കും.
  • അൽ ഖുദ്ര റോഡിനും സെഹ്‌ അൽ സലാം സ്ട്രീറ്റിനും ഇടയിലുള്ള മേഖല 2:35 മുതൽ 3:55 വരെ ഭാഗികമായി അടച്ചിടുന്നതാണ്. ഇവിടെ നിന്ന് സൈക്കിളോട്ടക്കാർ അൽ ഖുദ്ര റോഡിലേക്ക് തിരികെ മടങ്ങുകയും തുടർന്ന് ഹെസ സ്ട്രീറ്റിലൂടെ ഉം സുഖേയിം ഭാഗത്തേക്ക് തിരിക്കുകയും ചെയ്യുന്നതിനാൽ ഈ മേഖലയിൽ 3:50-നും, 4:20-നും ഇടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കും.
  • പാം ജുമേയ്‌റ, അറ്റ്ലാന്റിസ് പാം ഹോട്ടൽ മേഖലയിൽ 4:15 മുതൽ 4:35 വരെ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

Cover Photo: @uae_tour