എംറ്റി ക്വാർട്ടർ ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റ്: പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് പുറത്തിറക്കി

featured GCC News

ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. റുബഉൽ ഖാലി ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി ROP ഡിസംബർ 8-ന് അറിയിച്ചിരുന്നു.

ROP-യുടെ കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് പുറത്തിറക്കിയ അറിയിപ്പിലാണ് ഈ കസ്റ്റംസ് ചെക്ക്പോസ്റ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഈ അറിയിപ്പ് പ്രകാരം, ഈ ഹൈവേയിലൂടെ സഞ്ചരിക്കുന്ന യാത്രികർ, സന്ദർശകർ എന്നിവർക്ക് ദിനംതോറും മുഴുവൻ സമയവും ഈ ചെക്ക്പോസ്റ്റിലൂടെ കടന്ന് പോകുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ട്രക്കുകൾ, മറ്റു ചരക്ക് ഗതാഗതം എന്നിവ നിലവിൽ ദിനവും രാവിലെ 8 മണിമുതൽ വൈകീട്ട് 5 മണിവരെ മാത്രമാണ് അനുവദിക്കുന്നത്.

“നിലവിൽ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നേരിട്ടുള്ള കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്ക് മാത്രമാണ് ഈ ചെക്ക്പോസ്റ്റിലൂടെ അനുമതി നൽകുന്നത്. COVID-19 പ്രതിരോധ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഈ ചെക്ക്പോയിന്റിലൂടെ ചരക്ക് ഗതാഗതം അനുവദിക്കുന്നത്.”, ചരക്ക് ഗതാഗതം സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകിക്കൊണ്ട് ROP അറിയിച്ചു.

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് 021 ഡിസംബർ 7, ചൊവ്വാഴ്ച്ച സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേ സൗദി കിരീടാവകാശി H.R.H. മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന് കൊടുത്തത്.