ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ റോയൽ ഒമാൻ പോലീസ് പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി. 2022 ജൂലൈ 18-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നടപടി. അപകട സാധ്യതകൾ കണക്കിലെടുത്ത് കൊണ്ട് അടിയന്തിര ഘട്ടങ്ങളിൽ എയർ ആംബുലൻസ് സേവനങ്ങൾ നൽകുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പോലീസ് ഏവിയേഷൻ വിഭാഗം സജ്ജമായതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും, വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ മറികടക്കരുതെന്നും ROP പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം സുരക്ഷ മുൻനിർത്തിയും, റോഡിലെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ജാഗ്രത പുലർത്താൻ ഡ്രൈവർമാരോട് ROP നിർദ്ദേശിച്ചിട്ടുണ്ട്.
രാത്രി സമയങ്ങളിൽ ഈ പ്രദേശങ്ങളിലെ റോഡുകളിൽ മൃഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ടെന്നും, അതിനാൽ ജാഗ്രത പുലർത്തണമെന്നും ROP ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളെല്ലാം കൃത്യമായി തീർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനും, വാഹനങ്ങളിൽ ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Oman News Agency.