COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കുള്ള പിഴ തുകകൾ ഉയർത്തിയതായി റോയൽ ഒമാൻ പോലീസ്

featured GCC News

രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ മറികടക്കുന്നവർക്ക് ചുമത്തുന്ന പിഴതുകകളിൽ മാറ്റം വരുത്തിയതായി റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള ഏതാനം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കുള്ള പിഴ തുകകളാണ് വർധിപ്പിച്ചിട്ടുള്ളത്.

ഏപ്രിൽ 25, ഞായറാഴ്ച്ചയാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പോലീസ് ആൻഡ് കസ്റ്റംസ് വകുപ്പിലെ IG, ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മൊഹ്സിൻ അൽ ശുറൈഖി പുറത്തിറക്കിയിട്ടുണ്ട്.

ഇത് പ്രകാരം താഴെ പറയുന്ന COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾക്കുള്ള പിഴതുകകളാണ് ഉയർത്തിയിട്ടുള്ളത്:

  • COVID-19 പരിശോധനകൾ, പുനഃപരിശോധനകൾ എന്നിവയ്ക്ക് വിസമ്മതിക്കുന്നവർക്ക് 300 റിയാൽ പിഴ ചുമത്തുന്നതാണ്. നേരത്തെ ഇത് 200 റിയാൽ ആയിരുന്നു.
  • ഹോം/ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനുമായി ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾക്ക് 300 റിയാൽ പിഴ. നേരത്തെ ഇത് 200 റിയാൽ ആയിരുന്നു.
  • വാണിജ്യ കേന്ദ്രങ്ങൾ, വ്യാപാരശാലകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം, സുരക്ഷ, മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് സുപ്രീം കമ്മിറ്റിയോ, മറ്റു അധികൃതരോ നൽകിയിട്ടുള്ള നിബന്ധനകൾ മറികടക്കുന്നവർക്ക് 3000 റിയാൽ പിഴ. ഇത്തരം സ്ഥാപനങ്ങൾ ഒരു മാസത്തേക്ക് അടച്ചിടുന്നതുമാണ്. നേരത്തെ ഇത് 1500 റിയാൽ ആയിരുന്നു.
  • ക്വാറന്റീനിൽ തുടരുന്നവർക്ക് നിർബന്ധമാക്കിയിട്ടുള്ള കൈകളിൽ ധരിക്കേണ്ടതായ ട്രാക്കിംഗ് ബ്രേസ്‌ലെറ്റ് ധരിക്കാൻ വിസമ്മതിക്കുന്നവർക്കും, ഇത്തരം ഉപകരണങ്ങൾ അധികൃതരുടെ അനുവാദമില്ലാതെ ഊരിമാറ്റുക, അവ നശിപ്പിക്കുക, ഇത്തരം ഉപകരണങ്ങൾ അധികൃതരെ തിരികെ ഏൽപ്പിക്കാതിരിക്കുക മുതലായ പ്രവർത്തികൾ ചെയ്യുന്നവർക്കും 300 റിയാൽ പിഴ.
  • ‘Tarassud’ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ വിസ്സമ്മതിക്കുന്നവർക്ക് 300 റിയാൽ പിഴ.