സ്വന്തം ബാങ്ക് അക്കൗണ്ടുകൾ അപരിചിതർക്ക് ഉപയോഗിക്കാൻ നൽകുന്നതിനെതിരെ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ ശേഷം അവ അപരിചിതർക്ക് ഉപയോഗിക്കാൻ നൽകുന്ന പ്രവണത നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് ഒമാൻ പൗരന്മാരെയും, പ്രവാസികളെയും പോലീസ് ഓർമ്മപ്പെടുത്തി.
2022 ഏപ്രിൽ 18-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിദേശങ്ങളിൽ നിന്ന് ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന തട്ടിപ്പ് സംഘങ്ങളെ കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിൽ വിവരം ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിൽ ഇരുന്ന് കൊണ്ട് ഒമാനിലെ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുയും, പകരമായി ഇത്തരം തട്ടിപ്പിന് ഇരയാകുന്നവരുടെ പേരിൽ ഒമാനിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. തുടർന്ന് ഇത്തരം സംഘങ്ങൾ ഈ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇരകളിൽ നിന്ന് കൈവശപ്പെടുത്തുകയും, അവ സംശയകരമായ പല സാമ്പത്തിക ഇടപാടുകൾക്കായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലർത്താനും, നിയമ നടപടികൾ ഒഴിവാക്കുന്നതിനായി അവയ്ക്ക് ഇരയാകരുതെന്നും പോലീസ് പൗരന്മാരോടും, പ്രവാസികളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ 80077444 എന്ന ഹോട്ട് ലൈൻ നമ്പറിലൂടെ പോലീസുമായി പങ്ക് വെക്കാവുന്നതാണ്.