മെട്രോ, ട്രാം റെയിൽ മേഖലകളിൽ സുരക്ഷാ പരിശോധന നടത്തുന്നതിനായി സ്മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷണം ദുബായിൽ ആരംഭിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് (RTA) ഈ പരീക്ഷണം നടത്തുന്നത്.
നൂതന നിരീക്ഷണ സംവിധാനങ്ങളും ക്യാമറകളും ഉപയോഗിച്ച് കൊണ്ട് റോഡ് പരിശോധനകൾ നടത്താനാകുന്ന രീതിയിലാണ് ഈ സ്മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സോണുകൾക്കുള്ളിലെ ലംഘനങ്ങൾ, നിയന്ത്രിത പ്രവർത്തനങ്ങൾ, കേടുപാടുകൾ എന്നിവ ഈ വാഹനങ്ങൾക്ക് കണ്ടെത്താനാകും.
ദുബായ് മെട്രോ, ട്രാം ശൃംഖലകളുമായി ബന്ധപ്പെട്ട എല്ലാ റെയിൽവേ റൈറ്റ്-ഓഫ്-വേ ഏരിയകളിലും ദൈനംദിന പരിശോധനാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്മാർട്ട് സർവീസസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഏകോപനത്തോടെയാണ് ഈ സ്മാർട്ട് ഇൻസ്പെക്ഷൻ വെഹിക്കിൾ സംരംഭം ആരംഭിച്ചതെന്ന് RTA റെയിൽ ഏജൻസിയിലെ റെയിൽവേ റൈറ്റ് ഓഫ് വേ ഡയറക്ടർ അബ്ദുൽറഹ്മാൻ അൽ ജാനാഹി പറഞ്ഞു.
ദുബായുടെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള RTA-യുടെ ശ്രമങ്ങളിൽ സുപ്രധാനമായ ഒരു ചുവടുവെപ്പിനെ ഇത് പ്രതിനിധീകരിക്കുന്നു. ഇത് കാര്യക്ഷമത മെച്ചപ്പെടുത്തുകയും, പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കുകയും, റെയിൽ സേവനങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻസ്പെക്ഷൻ ഏരിയകളുടെ പൂർണ്ണമായ കവറേജ് കൈവരിക്കുക, പരിശോധന റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൻ്റെ വേഗത ഇരട്ടിയാക്കുക, ഔട്ട്പുട്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പരിശോധനാ പ്രക്രിയയിലെ മാനുഷിക പിഴവുകൾ കുറയ്ക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് ശക്തമായ പിന്തുണ നൽകാനും ഇത് ശ്രമിക്കുന്നു.
WAM