ദുബായ്: ഒക്ടോബർ 25 മുതൽ RTA പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു

UAE

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഒക്ടോബർ 25, ഞായറാഴ്ച്ച മുതലാണ് RTA ഈ പുതിയ ബസ് സേവനങ്ങൾ ആരംഭിക്കുന്നത്.

അൽ ഖുസൈസ് വ്യാവസായിക മേഖലയെ അൽ നഹ്ദ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന F81 എന്ന മെട്രോ ലിങ്ക് ബസ് റൂട്ട് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. തിരക്കേറിയ സമയങ്ങളിൽ ഓരോ 15 മിനിറ്റിലും ഓരോ സർവീസ് എന്ന രീതിയിൽ F81 ബസ് റൂട്ടിൽ സേവനങ്ങൾ നൽകുന്നതാണെന്ന് RTA വ്യക്തമാക്കി.

ഇതിന് പുറമെ ഒക്ടോബർ 25 മുതൽ, ദുബായ് ഷാർജ യാത്രികർക്ക് ഏറെ സൗകര്യപ്രദമാകുന്ന, അൽ ഖാനിൽ നിന്ന് മംസാർ വരെയുള്ള E303 ലിങ്ക് സർവീസും RTA ആരംഭിക്കുന്നതാണ്. ദുബായിലെ യൂണിയൻ മെട്രോ സ്റ്റേഷൻ, ഷാർജയിലെ അൽ ജുബൈൽ സ്റ്റേഷൻ എന്നിവയ്ക്കിടയിലെ യാത്രികർക്ക് E303 റൂട്ട് യാത്രാ സേവനങ്ങൾ നൽകുന്നതാണ്. ഈ റൂട്ട് നിലവിൽ വരുന്നതോടെ തിരക്കേറിയ സമയങ്ങളിൽ ദുബായ് – ഷാർജ എമിറേറ്റുകൾക്കിടയിലെ ബസ് യാത്രകളിൽ ഏതാണ്ട് 15 മിനിറ്റോളം ലഭിക്കാവുന്നതാണ്. ഈ റൂട്ടിൽ 10 ഡബിൾ ഡെക്കർ ബസുകളാണ് RTA ഉപയോഗിക്കുന്നത്.

ഒക്ടോബർ 25 മുതൽ റൂട്ട് 77 എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ വഴി RTA-യുടെ ഹെഡ് ഓഫീസ് വരെ നീട്ടാനും, റൂട്ട് C19 റദ്ദാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച്ച മുതൽ X94, X02, DPR1, 367, 97, 64A, 7 എന്നീ റൂട്ടുകളിൽ സമയക്രമങ്ങളിൽ മാറ്റം വരുന്നതാണെന്നും RTA അറിയിച്ചിട്ടുണ്ട്.