സന്ദർശകർക്ക് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്നതിന് സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. യു എ ഇയിൽ ഒമ്പത് ഇടങ്ങളിൽ നിന്ന് RTA ഇത്തരത്തിൽ സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അബുദാബിയിൽ മൂന്നിടങ്ങളിൽ നിന്നും, ഷാർജയിൽ രണ്ടിടങ്ങളിൽ നിന്നും, അജ്‌മാൻ, റാസ് അൽ ഖൈമ, ഫുജൈറ, അൽ ഐൻ എന്നിവിടങ്ങളിലെ ഓരോ ഇടങ്ങളിൽ നിന്നും RTA എക്സ്പോ 2020 ദുബായ് വേദിയിലേക്ക് സൗജന്യ ബസ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഒമ്പത് ഇടങ്ങളിൽ നിന്നായി 77 ബസുകളാണ് RTA ഏർപ്പെടുത്തിയിട്ടുള്ളത്.
യു എ ഇയിലെ താഴെ പറയുന്ന ഇടങ്ങളിൽ നിന്ന് എക്സ്പോ 2020 ദുബായ് വേദിയിലേക്ക് RTA സൗജന്യ ബസ് സർവീസ് നടത്തുന്നതാണ്:
- അബുദാബി – അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, അബുദാബി മെയിൻ ബസ് സ്റ്റേഷൻ, മറീന മാൾ സ്റ്റേഷൻ.
- അൽ ഐൻ – അൽ ഐൻ ബസ് സ്റ്റേഷൻ.
- ഷാർജ – അൽ ജുബൈൽ ബസ് സ്റ്റേഷൻ, മുവൈലെഹ് ബസ് സ്റ്റേഷൻ.
- റാസ് അൽ ഖൈമ – റാസ് അൽ ഖൈമ ബസ് സ്റ്റേഷൻ.
- അജ്‌മാൻ – അജ്‌മാൻ ബസ് സ്റ്റേഷൻ.
- ഫുജൈറ – ഫുജൈറ സിറ്റി സെന്ററിന് അരികിലുള്ള ബസ് സ്റ്റേഷൻ.
ദിനംപ്രതി 287 ട്രിപ്പുകളാണ് RTA ഇത്തരത്തിൽ നടത്തുന്നത്. വ്യാഴം, വെള്ളി ദിനങ്ങളിൽ ഇത് 358 ട്രിപ്പുകളായി ഉയർത്തുന്നതാണ്.
ഇതിന് പുറമെ, ദുബായിലെ ഒമ്പത് ഇടങ്ങളിൽ നിന്നും RTA എക്സ്പോ 2020 ദുബായ് വേദിയിലേക്ക് സൗജന്യ ബസ് സർവീസുകൾ നടത്തുന്നതാണ്. ഇതിനായി 203 എക്സ്പോ റൈഡർ ബസുകൾ RTA ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ട് റൂട്ടുകൾ സന്ദർശകരെ ഹോട്ടലുകളിൽ നിന്ന് എക്സ്പോ വേദിയിലേക്ക് എത്തിക്കുന്നതിന് ഉപയോഗിക്കുന്നതാണ്.
എമിറേറ്റിലെ ഒമ്പത് ഇടങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശകർക്കായി പ്രത്യേക “എക്സ്പോ റൈഡർ” സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് RTA സെപ്റ്റംബർ 11-ന് പ്രഖ്യാപിച്ചിരുന്നു. ദുബായിൽ പാം ജുമൈറ, അൽ ബറാഹ, അൽ ഗുബൈബ, ഇത്തിസലാത്ത്, ഗ്ലോബൽ വില്ലേജ്, ഇന്റർനാഷണൽ സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് മാൾ, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3 എന്നിവിടങ്ങളിൽ നിന്നാണ് എക്സ്പോ റൈഡർ ബസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന് പുറമെ, എക്സ്പോ വേദിക്കുള്ളിൽ സന്ദർശകർക്ക് യാത്രാ സേവനം നൽകുന്നതിനായി ‘എക്സ്പോ പാർക്കിംഗ് ഷട്ടിൽ’ (കാർ പാർക്കുകളിൽ നിന്ന് ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയിനിബിലിറ്റി എന്നീ മൂന്ന് എക്സ്പോ ഗേറ്റുകളിലേക്ക് സന്ദർശകരെ എത്തിക്കുന്നതിന്), ‘എക്സ്പോ പീപ്പിൾ മൂവർ’ (എക്‌സ്‌പോ ഗേറ്റുകൾക്കിടയിൽ സന്ദർശകരെ എത്തിക്കുന്നതിന്) എന്നീ സർവീസുകളും RTA പ്രഖ്യാപിച്ചിരുന്നു. ഇവ താഴെ പറയുന്ന സമയക്രമങ്ങളിലാണ് പ്രവർത്തിക്കുന്നത്:
- എക്സ്പോ റൈഡർ ബസുകൾ – ദിനവും രാവിലെ 06:30 മുതൽ പ്രവർത്തിക്കുകയും എക്സ്പോ ഗേറ്റ്സ് അടച്ചതിനുശേഷം 90 മിനിറ്റ് സർവീസ് തുടരുകയും ചെയ്യുന്നതാണ്.
- എക്സ്പോ പാർക്കിംഗ് ഷട്ടിൽ സർവീസ് – രാവിലെ 09:00-ന് ആരംഭിക്കുകയും എക്സ്പോ ഗേറ്റുകൾ അടച്ചതിനുശേഷം 90 മിനിറ്റ് തുടരുകയും ചെയ്യും.
- എക്സ്പോ പീപ്പിൾ മൂവർ സർവീസ് – രാവിലെ 06:30-ന് ആരംഭിക്കുകയും എക്സ്പോ ഗേറ്റുകൾ അടച്ചതിനുശേഷം 90 മിനിറ്റ് തുടരുകയും ചെയ്യും.
എക്സ്പോ 2020 ദുബായ് വേദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അതിവിപുലമായ പൊതുഗതാഗത സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി 15 ബില്യൺ ദിർഹം ചെലവഴിച്ച് കൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, റോഡ് പദ്ധതികളും തയ്യാറാക്കി കഴിഞ്ഞതായി RTA നേരത്തെ അറിയിച്ചിരുന്നു.