എമിറേറ്റിലെ സ്വകാര്യ വാഹന ഉടമകളോട് തങ്ങളുടെ വാഹനങ്ങൾ, ഓരോ തവണ ഉപയോഗിക്കുന്നതിനു മുൻപും, ഉപയോഗ ശേഷവും, കൃത്യമായി അണുവിമുക്തമാക്കാൻ ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ആഹ്വാനം ചെയ്തു. ഓരോ കുടുംബങ്ങളുടെയും, സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനങ്ങളുടെ ശുചിത്വത്തിനു വലിയ പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ട RTA, ഓരോ തവണയും വാഹനങ്ങൾ ശുചിയാക്കുന്നതിനും, അണുവിമുക്തമാക്കുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
വാഹനങ്ങൾ അണുവിമുക്തമാക്കുന്നത് സംബന്ധിച്ച ഒരു ബോധവത്കരണ വീഡിയോ ദൃശ്യം RTA ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്. ഇതിൽ ഓരോ ഉപയോഗത്തിന് ശേഷവും വാഹനത്തിന്റെ പ്രധാനമായും ശുചിയാക്കേണ്ടതായ, വൈറസ് സാന്നിധ്യം കൂടുതൽ ഉണ്ടാകാൻ ഇടയുള്ള, അഞ്ച് ഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പൊതുജനങ്ങൾക്കായി RTA നൽകിയിട്ടുണ്ട്.
വാഹനങ്ങളുടെ അകത്തും, പുറത്തുമുള്ള ഡോർ ഹാൻഡിലുകൾ, സ്റ്റിയറിംഗ് വീൽ, ഗിയർ സ്റ്റിക്ക്, ഇലക്ട്രോണിക് ഉപകരണങ്ങൾ, സീറ്റ് ബെൽറ്റുകൾ മുതലായ, വാഹനങ്ങൾ ഉപയോഗിക്കുന്നവർ എപ്പോഴും കൈകൾ കൊണ്ട് തൊടാൻ ഇടയുള്ള ഭാഗങ്ങൾ നിർബന്ധമായും അണുവിമുക്തമാക്കേണ്ടതാണ്. നിലവാരമുള്ള ഒരു അണുനാശിനി ഉപയോഗിച്ച് ഈ പ്രതലങ്ങൾ ഓരോ ഉപയോഗത്തിന് ശേഷവും ശുചിയാക്കുന്നത് രോഗബാധ തടയുന്നതിനു സഹായകമാണെന്ന് RTA ജനങ്ങളെ ഓർമപ്പെടുത്തി.