സാദിയത് കൾച്ചറൽ ഡിസ്ട്രിക്ട്, അനുബന്ധ സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണം മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം 2025-ൽ തന്നെ പൂർത്തിയാകുമെന്ന് അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് അറിയിച്ചു. 2024 മെയ് 23-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
പ്രൗഢമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത രീതികൾ തുടങ്ങിയവയുടെ ഒരു പ്രതീകം എന്ന നിലയിലാണ് സാദിയത് കൾച്ചറൽ ഡിസ്ട്രിക് എന്ന ആഗോള വേദിക നിർമ്മിക്കുന്നത്. സാംസ്‌കാരിക പ്രദർശനങ്ങൾ, മ്യൂസിയങ്ങൾ, മേഖലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ആകർഷണങ്ങൾ എന്നിവയ്‌ക്കൊപ്പം ആഗോള സാംസ്‌കാരിക കാഴ്ചകളും ഇവിടെ ഒരുക്കുന്നതാണ്.
ലൂവർ അബുദാബി മ്യൂസിയം സ്ഥിതി ചെയ്യുന്നത് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിലാണ്. സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടം മറ്റു പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് കൂടി വേദിയാകുന്നതാണ്.
സായിദ് നാഷണൽ മ്യൂസിയം, ഗുഗൻഹെയിം അബുദാബി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി, ടീംലാബ് ഫിനോമിന അബുദാബി തുടങ്ങിയ നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുന്നുണ്ട്. ഇവയുടെ നിർമ്മാണം ഏതാണ്ട് 76 ശതമാനത്തോളം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Cover Image: Abu Dhabi Media Office.