2023 ഒക്ടോബർ 1 മുതൽ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാനസർവീസുകളും നിർത്തലാക്കാൻ തീരുമാനിച്ചതായി സലാംഎയർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള ഫ്ലൈറ്റ് അനുമതികൾ സംബന്ധിച്ച സാങ്കേതികപ്രശ്നങ്ങൾ മൂലമാണ് ഈ തീരുമാനമെന്നാണ് സൂചന. ഒക്ടോബർ 1 മുതൽ ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കുന്നതായും, ഒക്ടോബർ 1-ന് ശേഷമുള്ള തീയതികളിലേക്കുള്ള നിലവിലെ ബുക്കിങ്ങുകൾ റദ്ദാക്കിയതായും അറിയിച്ച് കൊണ്ടുള്ള ഇമെയിൽ സന്ദേശങ്ങൾ യാത്രികർക്ക് ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒക്ടോബർ 1-ന് ശേഷമുള്ള തീയതികളിൽ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾ റിസർവ് ചെയ്തിട്ടുള്ള യാത്രികർക്ക് മുഴുവൻ സംഖ്യയും തിരികെ നൽകുമെന്ന് ഒമാൻ എയർ ട്രാവൽ ഏജൻസികളെ അറിയിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബർ 1-ന് ശേഷമുള്ള തീയതികളിൽ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സലാംഎയർ ഒഴിവാക്കിയിട്ടുണ്ട്.
ജയ്പൂർ, കോഴിക്കോട്, തിരുവനന്തപുരം, ലക്നൗ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് സലാംഎയർ സർവീസ് നടത്തിയിരുന്നത്.