സൗദി സ്ഥാപക ദിനം: പൊതു അവധിയുമായി ബന്ധപ്പെട്ട് തൊഴിൽ സംവിധാന ചട്ടങ്ങളിൽ MHRSD ഭേദഗതി വരുത്തി

GCC News

രാജ്യത്തിന്റെ സ്ഥാപക ദിനത്തിൽ പൊതു അവധി നൽകുന്നതുമായി ബന്ധപ്പെട്ട് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) തൊഴിൽ സംവിധാന ചട്ടങ്ങളിൽ ഭേദഗതി വരുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് MHRSD നേരത്തെ അറിയിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ ഭേദഗതികളാണ് മന്ത്രാലയം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.

ഈ ഭേദഗതികളുമായി ബന്ധപ്പെട്ട് MHRSD വകുപ്പ് മന്ത്രി എൻജിനീയർ അഹ്‌മദ്‌ അൽ രജ്‌ഹി ഫെബ്രുവരി 18-ന് ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം തൊഴിൽ സംവിധാന ചട്ടങ്ങളിൽ താഴെ പറയുന്ന ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്:

  • നാഷണൽ ഡേ, സ്ഥാപക ദിനം എന്നിവയുടെ ദിനങ്ങളിൽ ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ എന്നിവ വരുന്ന അവസരത്തിൽ തൊഴിലാളികൾക്ക് മറ്റൊരു ദിവസത്തെ അവധി പകരമായി ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
  • സ്ഥാപക ദിനത്തിന്റെ അവധി ഒരു ദിവസത്തേക്കായിരിക്കും. ജോർജിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 22-നാണ് ഈ അവധി നൽകുന്നത്.

എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി 2022 ജനുവരി 27-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. എല്ലാ വർഷവും ഫെബ്രുവരി 22-ന് പൊതു അവധി നൽകുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.