സൗദി: ബോർഡിങ്ങ് പാസുകൾ തവക്കൽന ആപ്പുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി GACA

featured GCC News

രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് ഡൊമസ്റ്റിക് യാത്രികരായി സഞ്ചരിക്കുന്നവരുടെ ബോർഡിങ്ങ് പാസുകൾ ‘Tawakkalna’ ആപ്പുമായി ബന്ധിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. രാജ്യത്ത് ഡൊമസ്റ്റിക് വ്യോമയാന സേവനങ്ങൾ നൽകുന്ന എല്ലാ ദേശീയ എയർലൈൻ സ്ഥാപനങ്ങളും ഈ നടപടികൾ പൂർത്തിയാക്കിയതായി GACA വ്യക്തമാക്കി.

ഈ നടപടികൾ പൂർത്തിയാക്കിയതോടെ ‘Tawakkalna’ ആപ്പിൽ ‘COVID-19 രോഗപ്രതിരോധ ശേഷി നേടിയവർ’, ‘COVID-19 വാക്സിൻ ആദ്യ ഡോസിനാൽ രോഗപ്രതിരോധ ശേഷി നേടിയവർ’, ‘COVID-19 രോഗമുക്തരായവർ’, ‘COVID-19 രോഗബാധയില്ലാത്തവർ’ എന്നീ ഹെൽത്ത് സ്റ്റാറ്റസുകളിൽ ഏതെങ്കിലും ഒന്ന് ഉള്ളവർക്ക് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ സ്വയമേവ ബോർഡിങ്ങ് പാസ് അനുവദിക്കുന്നതാണ്. രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് സഞ്ചരിക്കുന്ന യാത്രികർ ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് കൊണ്ട് രോഗബാധിതരല്ല എന്ന് തെളിയിക്കേണ്ടതാണെന്ന് സൗദി GACA ഏപ്രിൽ 25-ന് അറിയിച്ചിരുന്നു.

പ്രെസിഡെൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നീ വകുപ്പുകളുമായി സംയുക്തമായാണ് വ്യോമയാന കമ്പനികൾ ഇതുമായി ബന്ധപ്പെട്ട നടപടികൾ നടപ്പിലാക്കുന്നത്. ഒരു വ്യക്തിയ്ക്ക് COVID-19 രോഗബാധയില്ലാ എന്ന് തെളിയിക്കുന്നതിനായി ‘Tawakkalna’ ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് പര്യാപ്‌തമായ തെളിവായി ഉപയോഗിക്കാമെന്നും, ഇതിനായി മറ്റു രേഖകൾ ആവശ്യമില്ലെന്നും GACA നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു COVID-19 പാസ്സ്‌പോർട്ട് എന്ന രീതിയിലാണ് സൗദി ഈ ആപ്പ് ഉപയോഗപ്പെടുത്തുന്നത്.