രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗിക അനുമതി നൽകി. ഓഗസ്റ്റ് 22, ഞായറാഴ്ച്ചയാണ് SFDA ഈ അനുമതി നൽകിയത്.
മോഡർന വാക്സിന്റെ ഫലപ്രാപ്തി, സഫലത മുതലായ വിവരങ്ങൾ സംബന്ധിച്ച് നിർമ്മാതാക്കൾ നൽകിയ ഔദ്യോഗിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് SFDA ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ വാക്സിൻ സുരക്ഷിതവും, ഫലപ്രദവുമാണെന്നാണ് പഠനറിപ്പോർട്ടുകൾ തെളിയിക്കുന്നത്.
പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ ഈ വാക്സിൻ നൽകുന്നത് രോഗവ്യാപനം തടയുന്നതിന് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ 17 വയസിന് മുകളിൽ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി 2021 ജൂലൈ 9-ന് അനുമതി നൽകിയിരുന്നു.