വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 21-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് നിർബന്ധമാക്കിയിരുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി തെളിയിക്കുന്ന നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ വിദേശത്ത് നിന്നെത്തുന്നവർ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന നടപടി ഒഴിവാകുന്നതാണ്.
രാജ്യത്തെ COVID-19 രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ തീരുമാന പ്രകാരം വാക്സിനെടുക്കാത്തവർക്കും സൗദിയിലേക്ക് പ്രവേശിക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉംറ തീർത്ഥാടകർക്കും ഇത് ബാധകമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് ഫലം സൗദി 2022 മാർച്ച് 5 മുതൽ ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു.