സൗദി: COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു; യാത്രികർക്ക് PCR, ക്വാറന്റീൻ എന്നിവ ഒഴിവാക്കി

featured GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 5-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് PCR ടെസ്റ്റ്, ക്വാറന്റീൻ എന്നിവ ഒഴിവാക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.

സൗദിയിലെ COVID-19 നിയന്ത്രണങ്ങളിൽ താഴെ പറയുന്ന ഇളവുകളാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്:

  • ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവ ഉൾപ്പടെയുള്ള രാജ്യത്തെ പള്ളികളിൽ സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കും. എന്നാൽ പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
  • രാജ്യത്തെ എല്ലാ ഇടങ്ങളിലും (ഇൻഡോർ, ഔട്ഡോർ ഉൾപ്പടെ) ചടങ്ങുകളിലും സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കും.
  • രാജ്യത്തെ തുറന്ന പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ല. എന്നാൽ ഇൻഡോർ ഇടങ്ങളിൽ ഇവ നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
  • രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് PCR നെഗറ്റീവ് അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് ഫലം ആവശ്യമില്ല.
  • രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ നിയന്ത്രണങ്ങൾ ഒഴിവാക്കും.
  • സൗദിയിലേക്ക് വിസിറ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് COVID-19 ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന (സൗദിയിൽ തുടരുന്ന കാലയളവിലേക്ക്) ഇൻഷുറൻസ് നിർബന്ധം.
  • സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വേ, ലെസോതോ, എസ്വതിനി, മൊസാംബിക്, മലാവി, മൗറീഷ്യസ്, സാംബിയ, മഡഗാസ്കർ, അംഗോള, സെയ്‌ഷെൽസ്, കൊമോറോസ്, നൈജീരിയ, എത്യോപ്യ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനും, ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് സൗദിയിലേക്ക് സർവീസ് നടത്തുന്നതിനും ഏർപ്പെടുത്തിയ വിലക്കുകൾ ഒഴിവാക്കും.

ഈ അറിയിപ്പ് പ്രകാരമുള്ള തീരുമാനങ്ങൾ 2022 മാർച്ച് 5 മുതൽ പ്രാബല്യത്തിൽ വന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.