സൗദി അറേബ്യ: മധുരപാനീയങ്ങളുടെ എക്‌സൈസ് നികുതി ഭേദഗതി ചെയ്യാൻ തീരുമാനം

featured Saudi Arabia

2026 ജനുവരി 1 മുതൽ മധുരപാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതിനായി പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു. 2025 ഡിസംബർ 30-നാണ് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2026 ജനുവരി 1 മുതൽ സൗദി അറേബ്യയിൽ മധുരപാനീയങ്ങൾക്ക് പുതിയ നാല്‌ തട്ടിലുള്ള എക്‌സൈസ് നികുതി സംവിധാനം ഏർപ്പെടുത്തുന്നതാണ്.

ഇത്തരം പാനീയങ്ങൾക്ക് ഓരോ 100 മില്ലീലിറ്ററിലും അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കണക്കിലെടുത്തായിരിക്കും അവയ്ക്ക് ചുമത്തേണ്ട എക്‌സൈസ് ടാക്സ് കണക്കാക്കുന്നതെന്നാണ് ZATCA അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടെ നിലവിൽ ഇത്തരം പാനീയങ്ങൾക്ക് ചുമത്തുന്ന ചില്ലറവിലയുടെ അമ്പത് ശതമാനം എന്ന ഏകീകൃത നിരക്കിലുള്ള ടാക്സ് രീതിയിൽ മാറ്റം വരുന്നതാണ്.

ഈ പുതിയ എക്‌സൈസ് ടാക്സ് സംവിധാനത്തിന് കീഴിൽ മധുരപാനീയങ്ങളെ നാല് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്:

  1. ഒട്ടും മധുരം ചേർക്കാത്ത പാനീയങ്ങൾ.
  2. കുറഞ്ഞ അളവിൽ പഞ്ചസാര ചേർത്തിട്ടുള്ള പാനീയങ്ങൾ – ഓരോ 100 മില്ലീലിറ്ററിലും 5 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങൾ.
  3. മിതമായ അളവിൽ പഞ്ചസാര ചേർത്തിട്ടുള്ള പാനീയങ്ങൾ – ഓരോ 100 മില്ലീലിറ്ററിലും 5 ഗ്രാം അല്ലെങ്കിൽ അതിൽ കൂടുതൽ, എന്നാൽ 7.99 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങൾ.
  4. ഉയർന്ന അളവിൽ പഞ്ചസാര ചേർത്തിട്ടുള്ള പാനീയങ്ങൾ – ഓരോ 100 മില്ലീലിറ്ററിലും 8 ഗ്രാം അല്ലെങ്കിൽ അതിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങൾ.

മേൽപ്പറഞ്ഞ ഓരോ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പാനീയങ്ങൾക്കും അവയിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കണക്കാക്കിയായിരിക്കും ഇനി മുതൽ എക്‌സൈസ് ടാക്സ് കണക്കാക്കുന്നത്.

റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾ, ജ്യൂസ് കോൺസെൻട്രേറ്റ്, ഡ്രിങ്ക് പൗഡറുകൾ, ജെല്ലുകൾ, ജ്യൂസ് ആക്കി മാറ്റാവുന്ന ഫ്രൂട്ട് എക്സ്ട്രാക്റ്റ് എന്നിവ ഉൾപ്പടെ ഇത്തരം എല്ലാ ഉത്പന്നങ്ങളുടെയും എക്‌സൈസ് ടാക്സ് ഈ രീതിയിലായിരിക്കും കണക്കുന്നതെന്ന് ZATCA വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതിലൂടെ പൊതു ആരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഈ ഭേദഗതി നടപ്പിലാക്കുന്നത്.

മധുരപാനീയങ്ങൾക്ക് ഇത്തരം ഒരു എക്‌സൈസ് ടാക്സ് സംവിധാനം ബാധകമാക്കുന്നതിന് ഗൾഫ് കോഓപ്പറേഷൻ കൗൺസിലിന്റെ (GCC) ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ കമ്മിറ്റി കൈക്കൊണ്ടിട്ടുള്ള തീരുമാനം അടിസ്ഥാനമാക്കിയാണിത്.