സൗദി: കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ കൈവിലങ്ങ് അണിയിക്കുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു

featured GCC News

രാജ്യത്ത് കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ കൈവിലങ്ങ് അണിയിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ സൗദി അധികൃതർ തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ തീരുമാന പ്രകാരം, അപകടകാരികളോ, ഓടിരക്ഷപ്പെടാൻ സാധ്യതയുള്ളവരോ ആയ കുറ്റവാളികളെ മാത്രമാണ് അറസ്റ്റ് വേളയിൽ കൈവിലങ്ങ് അണിയിക്കേണ്ടത്. ഈ വിഭാഗങ്ങളിൽ പെടാത്തവരായ കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്ന അവസരത്തിൽ കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

ഇതുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടിക്രമ നിയമങ്ങളിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് ആർട്ടിക്കിൾ 21-ൽ ആവശ്യമായ ഭേദഗതികൾ വരുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ഭേദഗതി അനുസരിച്ച് സ്വയമോ, മറ്റുള്ളവർക്കോ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളവർ, കസ്റ്റഡിയിൽ നിന്ന് ചാടി പോകാൻ സാധ്യതയുള്ളവർ എന്നിവരൊഴികെയുള്ള കുറ്റാരോപിതരെ കൈവിലങ്ങ് അണിയിക്കുന്നത് വിലക്കിയിട്ടുണ്ട്.