സൗദി അറേബ്യ: ദേശീയ കറൻസിയുടെ ഔദ്യോഗിക ചിഹ്നത്തിന് അംഗീകാരം നൽകി

GCC News

ദേശീയ കറൻസിയുടെ ഔദ്യോഗിക ചിഹ്നത്തിന് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽഅസീസ് അംഗീകാരം നൽകി. 2025 ഫെബ്രുവരി 20-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയുടെ സംസ്കാരം, പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് സൗദി റിയാലിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപന ചെയ്തിരിക്കുന്നത്.

Source: Saudi Press Agency.

സൗദി ദേശീയ കറൻസിയ്ക്ക് കരുത്ത് പകരുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു ഔദ്യോഗിക ചിഹ്നത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.

Source: Saudi Central Bank.

ഇതോടൊപ്പം സൗദി ദേശീയ കറൻസിയുടെ സാമ്പത്തിക വ്യക്തിത്വം, സാമ്പത്തിക സാന്നിദ്ധ്യം എന്നിവ ശക്തമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഈ തീരുമാനം സൗദി അറേബ്യയുടെ സാമ്പത്തിക സ്വത്വം ആഗോള തലത്തിലും, പ്രാദേശികതലത്തിലും ശക്തിപ്പെടുത്തുന്നതിന് ഏറെ സഹായകമാകുമെന്ന് സൗദി സെൻട്രൽ ബാങ്ക് ഗവർണർ അയ്മൻ മുഹമ്മദ് അൽ സയരി ചൂണ്ടിക്കാട്ടി.

Source: Saudi Central Bank.

ഈ പുതിയ ദേശീയ കറൻസി ചിഹ്നത്തിന്റെ ഉപയോഗം കാലതാമസം കൂടാതെ ആരംഭിക്കുമെന്നും, ഇത് ക്രമേണ സാമ്പത്തിക, വാണിജ്യ ഇടപാടുകളിലും, വിവിധ ആപ്ലിക്കേഷനുകളിലും ഏകോപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.