രാജ്യത്ത് ചരക്ക് നീക്കം ഉൾപ്പടെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശ ട്രക്കുകൾക്ക് ബാധകമാക്കിയിട്ടുളള നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകി. സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന വിദേശ ട്രക്കുകൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കണമെന്ന് സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശ ട്രക്കുകൾക്കും ഷിപ്പ്മെന്റ് സംബന്ധിച്ച ഒരു ഇലക്ട്രോണിക് ട്രാൻസ്പോർട് രേഖ ഉണ്ടായിരിക്കേണ്ടതാണ്. https://bayan.logisti.sa/ എന്ന സംവിധാനത്തിൽ നിന്നാണ് ഈ രേഖ നേടേണ്ടത്.
- ഇത്തരം ട്രക്കുകൾക്ക് തങ്ങളുടെ തിരികെയുള്ള യാത്രയിൽ അവ വിദേശത്ത് നിന്ന് യാത്ര ചെയ്തെത്തിയ നഗരം അല്ലെങ്കിൽ മടങ്ങുന്ന പാതയിലുള്ള നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് സാധനങ്ങൾ കയറ്റുന്നതിന് അനുമതി.
- സൗദി അറേബ്യയിലെ നാഷണൽ കാരിയർ ട്രക്കുകൾക്ക് ബാധകമാക്കിയിട്ടുള്ള എല്ലാ നിബന്ധനകളും വിദേശ ട്രക്കുകൾക്കും ബാധകമാണ്.
- വിദേശ ട്രക്കുകൾ രാജ്യത്ത് നിന്ന് തിരികെ മടങ്ങുന്നതിനും, പ്രവേശിക്കുന്നതിനു മുൻപായി ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള പിഴകൾ ഉണ്ടെങ്കിൽ അവ അടച്ച് തീർക്കേണ്ടതാണ്.
- വിദേശത്ത് നിന്നെത്തുന്ന ട്രക്കുകൾ ഉപയോഗിച്ച് കൊണ്ട് സൗദി നഗരങ്ങൾക്കിടയിലുള്ള ചരക്ക് നീക്കം നടത്തുന്നതിന് അനുമതിയില്ല.
- ഇത്തരം ട്രക്കുകൾ അവയുടെ ഭാരപരിധി സംബന്ധിച്ച നിബന്ധനകൾ പാലിക്കേണ്ടതാണ്.