സൗദി അറേബ്യ: ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ സേവനം ആരംഭിച്ചു

featured GCC News

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഡിജിറ്റൽ രൂപത്തിലുള്ള ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ഒരു സേവനം അബ്‌ഷെർ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു. സൗദി ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ സ്റ്റാറ്റസ് വിഭാഗം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ അൽ യഹ്യയെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൗദി പൗരന്മാർക്കും, സൗദി അറേബ്യയിലെ പ്രവാസികൾക്കും അബ്‌ഷെർ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ സേവനത്തിലൂടെ ഡിജിറ്റൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ നേടുന്നതിനും, അവയുടെ ആധികാരികത പരിശോധിക്കുന്നതിനും സാധിക്കുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ റിയാദിലെ എംപ്ലോയീസ് ക്ലബിൽ വെച്ച് സെപ്റ്റംബർ 26-നാണ് ഈ സേവനം ഉദ്ഘാടനം ചെയ്തത്.

സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി ചേർന്നാണ് ഈ സേവനം നടപ്പിലാക്കുന്നത്. ഡിജിറ്റൽ രൂപത്തിലുള്ള ജനന, മരണ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിക്കുന്നതിനും, അവയ്ക്ക് അപേക്ഷിക്കുന്നതിനും, അവയുടെ ആധികാരികത പരിശോധിക്കുന്നതിനും ആവശ്യമായ സേവനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ഡിജിറ്റൽ ബർത്ത്/ ഡെത്ത് സർട്ടിഫിക്കറ്റ് ഡിസ്‌പ്ലേ’ സേവനം ഉപയോഗിച്ച് കൊണ്ട് പ്രവാസികൾക്കും, പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങളുടെയും, ആശ്രിതരുടെയും ഇത്തരം സർട്ടിഫിക്കറ്റുകൾ കാണുന്നതിനും, അവ പ്രിന്റ് ചെയ്യുന്നതിനും, മരണ വിവരങ്ങൾ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ രജിസ്റ്റർ ചെയ്യുന്നതിനും സാധിക്കുന്നതാണ്. ‘ഡിജിറ്റൽ ബർത്ത്/ ഡെത്ത് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ’ സേവനം ഉപയോഗിച്ച് കൊണ്ട് ഇത്തരം രേഖകളുടെ ആധികാരികത പരിശോധിക്കാവുന്നതാണ്.