സൗദി അറേബ്യ: ഗാർഹിക ജീവനക്കാർക്കുള്ള ആറ് മാസത്തെ പൊതുമാപ്പ് പദ്ധതി ആരംഭിച്ചു

GCC News

തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലിടങ്ങളിൽ നിന്ന് മാറിനിൽക്കുന്ന ഗാർഹിക ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ രേഖകൾ കുറ്റമറ്റതാക്കുന്നതിനുള്ള ആറ് മാസത്തെ പൊതുമാപ്പ് പദ്ധതി സൗദി അറേബ്യയിൽ ആരംഭിച്ചു. 2025 മെയ് 11-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ആറ് മാസത്തെ കാലാവധിയുള്ള ഈ പദ്ധതിയുടെ ആനുകൂല്യം 2025 മെയ് 11 മുതൽ ലഭ്യമാണ്. 2025 മെയ് 11-ന് മുൻപായി തൊഴിലിടങ്ങളിൽ നിന്ന് രഹസ്യമായി കടന്നു കളഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള തൊഴിലാളികൾക്ക് മാത്രമാണ് ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് അവസരം ലഭിക്കുന്നത്.

തൊഴിലിടങ്ങളിൽ നിന്ന് കടന്നു കളഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളവരും, തുടർന്ന് സൗദി അറേബ്യയിൽ അനധികൃതമായി തുടരുന്നവരുമായ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ തൊഴിൽ സ്റ്റാറ്റസ് കൃത്യമാക്കുന്നതിനും, ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മറ്റൊരു തൊഴിലുടമയ്ക്ക് കീഴിൽ തൊഴിലെടുക്കുന്നതിന് അവസരം നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി. രാജ്യത്തെ തൊഴിൽ മേഖലയിൽ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇത്തരം ഗാർഹിക ജീവനക്കാർക്കും, അവരുടെ തൊഴിലുടമകൾക്കും നിയമപരമായ രേഖകൾ ശരിയാക്കുന്നതിന് മുസ്നദ് സംവിധാനത്തിലൂടെയാണ് അവസരമൊരുക്കുന്നത്. മെയ് 11-ന് മുൻപായി ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള തൊഴിലാളികൾക്ക് അവർ സൗദി അറേബ്യയിൽ തന്നെ അനധികൃതമായി തുടരുന്ന പക്ഷം മറ്റൊരു തൊഴിലുടമയ്ക്ക് കീഴിൽ നിയമാനുസൃതമായി തൊഴിലെടുക്കുന്നതിന് ഈ പദ്ധതി അവസരമൊരുക്കുന്നു.

ഇതിനായി പുതിയ തൊഴിലുടമയ്ക്ക് മുസ്നദ് സംവിധാനത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കികൊണ്ട് ഇത്തരം ഗാർഹിക തൊഴിലാളികളെ തങ്ങളുടെ കീഴിൽ ജോലിക്കാരായി വെക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.