സൗദി: വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിച്ചു; ഇന്ത്യയിൽ നിന്നുള്ള യാത്രികർക്കുള്ള പ്രവേശനവിലക്ക് തുടരും

featured GCC News

വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി, മെയ് 17, തിങ്കളാഴ്ച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി സൗദി പാസ്സ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ യാത്രികർക്ക് രാജ്യത്തിനകത്തേക്കും, പുറത്തേക്കും യാത്രാനുമതി നൽകുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

മെയ് 17-നു 1:00am മുതൽ രാജ്യത്തിന്റെ എല്ലാ അതിർത്തികളും തുറന്ന് കൊടുത്തതായും, സൗദി പൗരന്മാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് അനുവാദം നൽകിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള സൗദി പൗരന്മാർക്കും, രോഗമുക്തരായവർക്കും 2021 മെയ് 17 മുതൽ സൗദിയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്നവർക്കാണ് സൗദിയിൽ നിന്നുള്ള വിദേശയാത്രകൾക്ക് അനുമതി നൽകുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് വ്യക്തമാക്കി:

  • 18 വയസ്സിന് താഴെ പ്രായമുള്ള സൗദി പൗരന്മാർ. ഇവർക്ക് സൗദിക്ക് പുറത്ത് സാധുതയുള്ള COVID-19 ചികിത്സാ പരിരക്ഷയുള്ള ഇൻഷുറൻസ് നിർബന്ധമാണ്.
  • രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചവർ.
  • യാത്രാ തീയ്യതിക്ക് രണ്ടാഴ്ച്ച മുൻപായി ഒരു ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചവർ.
  • COVID-19 രോഗമുക്തി നേടിയവർ. ഇവർക്ക് രോഗമുക്തി നേടിയ തീയ്യതി മുതൽ 6 മാസത്തിനിടയിലാണ് യാത്രാനുമതി.

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് മെയ് 17-ന് 385-ത്തോളം അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൗദി അറേബ്യൻ എയർലൈൻസും അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് സൗദിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

മെയ് 17 മുതൽ വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ ഉൾപ്പടെ ഏതാനം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന വിലക്കുകൾ പിൻവലിച്ചിട്ടില്ലെന്നും, ഇവ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടൊപ്പം സൗദിയിൽ നിന്ന് ഈ രാജ്യങ്ങളിലേക്ക് നേരിട്ടും, മറ്റു രാജ്യങ്ങളിലൂടെയും യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും തുടരുന്നതാണ്.

സൗദിയിൽ നിന്ന് ഈ രാജ്യങ്ങളിലേക്ക് മുൻകൂർ അനുമതിയില്ലാതെ യാത്രകൾ അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ഇന്ത്യ, ലിബിയ, സിറിയ, ലെബനൻ, യമൻ, ഇറാൻ, ടർക്കി, അർമേനിയ, സൊമാലിയ, കോംഗോ, അഫ്ഗാനിസ്ഥാൻ, വെനസ്വേല, ബെലാറസ് എന്നീ രാജ്യങ്ങൾക്കാണ് സൗദി യാത്രാവിലക്കുകൾ ഏർപ്പെടുത്തിയിരുന്നത്.

മെയ് 17 മുതൽ, സൗദിയിൽ നിന്ന് ബഹ്റൈനിലേക്കും തിരികെയും കിംഗ് ഫഹദ് പാലത്തിലൂടെ യാത്രാ സേവനങ്ങൾ അനുവദിക്കുമെന്ന് കിംഗ് ഫഹദ് കോസ്‌വേ പാസ്സ്‌പോർട്ട് ഡിവിഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Photo: King Khalid International Airport in Riyadh resumes operation – Saudi Press Agency.