ലാഭരഹിത സ്ഥാപനങ്ങൾക്ക് ലേബർ ഫീ, കസ്റ്റംസ് ഡ്യൂട്ടി എന്നിവ ഒഴിവാക്കി നൽകുന്നതിനെക്കുറിച്ച് സൗദി അറേബ്യ ആലോചിക്കുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് മന്ത്രി ആഹ്മെദ് അൽ രാജ്‌ഹിയെ ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ ലാഭരഹിത മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ലേബർ ഫീ, എക്സ്പാറ്റ് ഫീ, സകാത്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയിൽ ഇളവ് അനുവദിക്കുന്നതുൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനാണ് മന്ത്രാലയം ആലോചിക്കുന്നത്.
ലാഭരഹിത മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് ഇത്തരത്തിൽ 21 ആനുകൂല്യങ്ങൾ നൽകുന്നത് സംബന്ധിച്ച് ഒരു ഔദ്യോഗിക കമ്മിറ്റി പഠനം നടത്തി വരുന്നതായി ആഹ്മെദ് അൽ രാജ്‌ഹി അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കമ്മിറ്റിയുടെ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് 2024 ഒക്ടോബർ അവസാനത്തോടെ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.