സൗദി അറേബ്യ: വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിന് നിലവിൽ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി

featured Saudi Arabia

വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി. ദാവോസിലെ 2024 വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“നിലവിൽ രാജ്യത്ത് മൂല്യവർധിത നികുതി (VAT), സ്ഥാപനങ്ങൾക്കും, വിദേശ നിക്ഷേപകർക്കുമുള്ള ആദായ നികുതി, പൊതുസമൂഹത്തിൽ നിന്നുള്ള സകാത് തുടങ്ങിയ നികുതി വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല.”, അദ്ദേഹം അറിയിച്ചു.

“ഇതിന് പകരമായി സൗദി അറേബ്യയിലെ സാമ്പത്തിക വ്യവസ്ഥകൾ വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗഹാർദ്രപരമായ രീതിയിലേക്ക് ക്രമീകരിക്കുന്നതിനാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു.