സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2023 ജനുവരി 5-ന് വൈകീട്ടാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ആഭ്യന്തര തീർത്ഥാടകാരിൽ നിന്നുള്ള രജിസ്‌ട്രേഷൻ അപേക്ഷകൾ (സൗദി അറേബ്യയിൽ താമസിക്കുന്ന പൗരന്മാർക്കും, പ്രവാസികൾക്കും അപേക്ഷിക്കാം) ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, നുസുക് ആപ്പ് ഉപയോഗിച്ചോ സമർപ്പിക്കാവുന്നതാണ്. ആഭ്യന്തര തീർത്ഥാടകർക്കായി നാല് തീർത്ഥാടന പാക്കേജുകൾ ഒരുക്കിയിട്ടുണ്ടെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൽ ആദ്യ പാക്കേജിന് 10,596 മുതൽ 11,841 റിയാൽ വരെയും, രണ്ടാം പാക്കേജിന് 8,092 മുതൽ 8,458 റിയാൽ വരെയും, മൂന്നാമത്തെ പാക്കേജിന് 13,150 റിയാലും, നാലാമത്തെ പാക്കേജിന് 3,984 റിയാലുമാണ് ഈടാക്കുന്നത്. വാറ്റ് ഉൾപ്പടെയാണ് ഈ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തുകകൾ ഒന്നിച്ചോ, മൂന്ന് തവണകളായോ അടയ്ക്കാവുന്നതാണ്.
ചുരുങ്ങിയത് പന്ത്രണ്ട് വയസ് പ്രായമുള്ളവർക്കാണ് ഈ രജിസ്‌ട്രേഷൻ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുന്നത്. അപേക്ഷ സമർപ്പിക്കുന്നവർക്ക് ജൂലൈ പകുതി വരെ സാധുതയുള്ള ഐഡി രേഖകൾ (പ്രവാസികൾക്ക് റെസിഡൻസി ഐഡി) നിർബന്ധമാണ്. മുൻപ് ഹജ്ജ് അനുഷ്ഠിക്കാത്തവർക്ക് മുൻഗണന നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
COVID-19 വാക്‌സിനേഷൻ രേഖകൾ, ഇൻഫ്ലുവെൻസ വാക്സിനേഷൻ രേഖകൾ മുതലായവ നിർബന്ധമാണ്. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് കൊണ്ട് ഒരു തീർത്ഥാടകന്റെ അപേക്ഷ മാത്രമാണ് സമർപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ഹജ്ജ് 2023 സീസണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കുമെന്ന് 2022 ഓഗസ്റ്റ് മാസത്തിൽ ഹജ്ജ് മന്ത്രാലയം സൂചിപ്പിച്ചിരുന്നു.