സൗദി അറേബ്യ: ബസ്, ട്രെയിൻ എന്നീ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വളർച്ച

GCC News

രാജ്യത്ത് ബസ്, ട്രെയിൻ എന്നീ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്.

ഈ കണക്കുകൾ പ്രകാരം, 2023-ൽ സൗദി അറേബ്യയിൽ പൊതു ഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ യാത്ര ചെയ്തവരുടെ എണ്ണം അതിന്റെ മുൻവർഷത്തെ അപേക്ഷിച്ച് 176 ശതമാനം ഉയർന്നിട്ടുണ്ട്. 2023-ൽ നഗരപരിധികളിൽ മാത്രം 113.5 ദശലക്ഷത്തിലധികം പേർ ബസുകൾ ഉപയോഗിച്ചിട്ടുണ്ട്.

ഇതേ കാലയളവിൽ 4.1 ദശലക്ഷം പേർ ഇന്റർസിറ്റി ബസുകളിൽ സഞ്ചരിച്ചിട്ടുണ്ട്. 2023-ൽ ആകെ 3.7 മില്യൺ ഇന്റർസിറ്റി ബസ് സർവീസുകളാണ് നടത്തിയത്.

2023-ൽ ആകെ 30.3 ദശലക്ഷം പേരാണ് സൗദി അറേബ്യയിലെ ട്രെയിൻ സംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്തത്. 2022-ലെ കണക്കുകളെ അപേക്ഷിച്ച് ട്രെയിൻ യാത്രികരുടെ എണ്ണത്തിൽ 33 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.