രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രവാസികൾ സൗദിയ്ക്ക് പുറത്തുള്ള സാഹചര്യത്തിൽ ഇത്തരം രേഖകൾ പുതുക്കുന്നതിനുള്ള ഫീസാണ് ഇരട്ടിയാക്കുന്നത്. സൗദി ക്യാബിനറ്റ് അംഗീകരിച്ച പുതിയ ഭേദഗതി പ്രകാരം എക്സിറ്റ് ആൻഡ് റിട്ടേൺ വിസ ഫീസ് തുക 200 റിയാൽ (സിംഗിൾ ട്രിപ്പ് – 2 മാസത്തെ കാലാവധി) ആക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ വരുന്ന ഓരോ മാസത്തേക്കും (പ്രവാസി സൗദിയിൽ തന്നെയുള്ള സാഹചര്യത്തിൽ) നൂറ് റിയാൽ അധികം ഈടാക്കുന്നതാണ്.
പ്രവാസി സൗദിയ്ക്ക് പുറത്തുള്ള സാഹചര്യത്തിൽ ഓരോ മാസത്തേയും ഈ അധിക തുക ഇരട്ടിയായി കണക്കാക്കുന്നതാണ്. മൾട്ടി-എൻട്രി ട്രിപ്പുകൾ അനുവദിക്കുന്ന എക്സിറ്റ് ആൻഡ് റിട്ടേൺ വിസ ഫീസ് 500 റിയാൽ (3 മാസത്തേക്ക്) ആക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ വരുന്ന ഓരോ മാസത്തേക്കും (പ്രവാസി സൗദിയിൽ തന്നെയുള്ള സാഹചര്യത്തിൽ) 200 റിയാൽ അധികം ഈടാക്കുന്നതാണ്.
പ്രവാസി ജീവനക്കാരുടെ കൂടെയുള്ളവരുടെ റെസിഡൻസി ഫീസ് പുതുക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളിലും സൗദി ക്യാബിനറ്റ് ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഭേദഗതി പ്രകാരം, ഇത്തരം വിസകൾ പുതുക്കുന്നതിനുള്ള ഫീസ്, ഇവർ സൗദിയ്ക്ക് പുറത്തുള്ള സാഹചര്യത്തിൽ ഇരട്ടിയായി ഈടാക്കുന്നതാണ്.