വിവിധ തൊഴിൽ മേഖലകളിൽ അസാധാരണമായ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന വിദേശ പൗരന്മാർക്ക് സൗദി പൗരത്വം നൽകുന്നതിനുള്ള പദ്ധതിയ്ക്ക് സൗദി അറേബ്യ ഔദ്യോഗിക അംഗീകാരം നൽകി. നവംബർ 11, വ്യാഴാഴ്ച്ചയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് പുറത്തിറക്കിയതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഉയർന്ന പാടവം പ്രകടമാക്കുന്നവരും, നൂതനമായ ആശയങ്ങളുള്ളവരും, യോഗ്യതയുള്ളവരുമായ പ്രവാസികൾക്കാണ് ഈ ഉത്തരവ് പ്രകാരം സൗദി പരത്വം നേടുന്നതിന് അവസരം ലഭിക്കുന്നത്.
താഴെ പറയുന്ന മേഖലകളിൽ അസാധാരണമായ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന വിദേശ പൗരന്മാർക്കാണ് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കുന്നത്:
- നിയമമേഖല.
- മെഡിക്കൽ മേഖല.
- ശാസ്‌ത്രസംബന്ധിയായ മേഖലകൾ.
- സാംസ്കാരിക മേഖല.
- കായിക മേഖല.
- സാങ്കേതിക മേഖല.
ഓരോ മേഖലയിലും ഏറ്റവും മികച്ച വൈദഗ്ദ്ധ്യം പ്രകടമാക്കുന്നവരെ നിയമിക്കുന്നതിനും, തൊഴിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് രാജ്യത്ത് മികച്ച വാണിജ്യ സാഹചര്യം ഒരുക്കുന്നതും ലക്ഷ്യമിട്ട് സൗദി അറേബ്യ വിഷൻ മുന്നോട്ട് വെക്കുന്ന 2030-യുടെ നയങ്ങളുടെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം.